KERALAMLATEST NEWS

സംസ്ഥാനത്ത് 49 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച, മഷി പുരട്ടുന്നത് ഇടതുകൈയിലെ നടുവിരലിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 30ന് നടക്കും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർ‌ഡ്,​ പാസ്‌പോർട്ട്സ ഡ്രൈവിംഗ് ലൈസൻസ്,​ പാൻകാർഡ്,​ ആധാർ കാർഡ്സ ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്,​ ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുൻപ് വരെ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിക്കാം.

ഇത്തവണ വോട്ടുചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത് മഷി പുരട്ടുക. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തത് കൊണ്ടാണ് പുതിയ മാറ്റം നടപ്പാക്കിയിരിക്കുന്നത്.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത് ,​ നാല് ബ്ലോക്ക് പഞ്ചായത്ത്,​ ആറ് മുനിസിപ്പാലിറ്റി,​ 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 76 പേർ സ്ത്രീകളാണ്. .വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

സംക്ഷിപ്ത പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാര്‍ഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടര്‍മാരാണുള്ളത്. 77409 പുരുഷന്‍മാരും 86228 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ജൂലായ് 31 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.


Source link

Related Articles

Back to top button