അമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു, ദുബായിൽ നിന്നെത്തിയ മകൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം
തൃശൂർ: വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
വീട്ടുവളപ്പിൽ മതിലിനോട് ചേർന്ന് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകൾ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ആത്മഹത്യ ചെയ്തത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദുബായിലായിരുന്ന മകൾ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്നയിടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോൾ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകൾ അയൽക്കാരെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് കത്തിത്തീർന്ന ചിത കണ്ടെത്തിയത്.
തിങ്കളാഴ്‌ച സന്ധ്യയോടെ ഷൈനിയുടെ വീട്ടുവളപ്പിൽ നിന്ന് തീ ഉയരുന്നത് കണ്ടതായി അയൽക്കാർ പറയുന്നു. എന്നാൽ മകൾ വരുന്നതിനാൽ വീട് വൃത്തിയാക്കി മാലിന്യം കത്തിക്കുന്നതാകാമെന്നാണ് അയൽക്കാർ കരുതിയത്. പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരുന്നതിനാൽ വ്യക്തമായി കാണാനും സാധിക്കുന്നില്ലായിരുന്നു.
വാടകയ്ക്ക് നൽകിയിരുന്ന കടമുറിയുടെ വാടകതുക മകളുടെ അക്കൗണ്ടിലേയ്ക്ക് അയച്ചാൽ മതിയെന്ന് കഴിഞ്ഞദിവസം ഷൈനി പറഞ്ഞിരുന്നതായും വിവരമുണ്ട്. ഷൈനിയുടെ അക്കൗണ്ടിലെ തുക മുഴുവൻ മകളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു ഷൈനിയുടെ മറ്റൊരു മകൾ ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഷൈനി മാനസികമായി അസ്വസ്ഥയായിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തി.
Source link