മെഡൽസ്വപ്നവുമായി സ്വപ്നിൽ
പാരീസ്: ഷൂട്ടിംഗിൽ വീണ്ടും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 590 പോയിന്റുമായി ഏഴാം സ്ഥാനത്തായാണ് ഫൈനലിൽ കടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ. ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വരി പ്രതാപിന് 11-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഫൈനലില്‍ പ്രവേശിച്ച എട്ടുപേരില്‍ കുസാലെയ്ക്ക് ഒരു തവണ പോലും പെര്‍ഫെക്ട് പോയിന്റായ 100 പോയിന്റ് നേടാനായില്ല. എന്നാല്‍ സ്ഥിരത പുലര്‍ത്തിയ ഇന്ത്യന്‍ ഷൂട്ടര്‍ മൂന്നു തവണ 99 ഉം, രണ്ടു തവണ 98 നേടി. അവസാന സീരിസിലെ 97 ആണ് ഏറ്റവും കുറഞ്ഞത്. ഇന്ത്യ ഇതുവരെ 2024 പാരീസ് ഒളിന്പിക്സിൽ രണ്ടു വെങ്കല മെഡൽ നേടിക്കഴിഞ്ഞു. രണ്ടും ഷൂട്ടിംഗിലൂടെയായിരുന്നു. ആദ്യ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ ആദ്യ മെഡൽ സമ്മാനിച്ചു. രണ്ടാം മെഡൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു -സരബ്ജോത് സിംഗ് സഖ്യത്തിലൂടെയായിരുന്നു. ലവ്ലിന ക്വാർട്ടറിൽ ബോക്സിംഗിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. നോർവേയുടെ സുന്നിവ ഹോഫ്സ്റ്റഡിനെ 5-0ന് തോൽപ്പിച്ചാണ് ലവ്ലിനയുടെ ക്വാർട്ടർ പ്രവേശനം. ഒരു മത്സരം കൂടി ജയിച്ചാൽ ലവ്ലിനയ്ക്ക് പാരീസിൽ ഇന്ത്യക്കായി ഒരു മെഡൽ ഉറപ്പിക്കാം. ദീപിക കുമാരി മുന്നോട്ട്
വനിതകളുടെ അന്പെയ്ത്ത് വ്യക്തിഗത ഇനത്തിൽ ഭജൻ കൗറിനു പിന്നാലെ ദീപിക കുമാരിയും പ്രീക്വാർട്ടറിൽ. നെതർലൻഡ്സിന്റെ ക്വിന്റി റോഫനെ 6-2ന് തോല്‍പ്പിച്ചാണ് ദീപികയുടെ മുന്നേറ്റം. ലക്ഷ്യം തെറ്റാതെ സെൻ, സിന്ധു ബാഡ്മിന്റണിൽ ലക്ഷ്യ സെന്നും പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ ഗ്രൂപ്പ് എല്ലിലെ അവസാന മത്സരത്തിൽ ലോക നാലാം റാങ്ക് ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സെൻ പ്രീക്വാർട്ടറിലെത്തിയത്. 21-18, 21-12നാണ് 22-ാം റാങ്കിലുള്ള ഇന്ത്യൻ താരത്തിന്റെ ജയം. പാരീസിലെ ഒളിന്പിക് ബാഡ്മിന്റണിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്നവരിൽ ഒരാളായിരുന്നു ക്രിസ്റ്റി. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനത്തെത്തുന്നവരാണ് പ്രീക്വാർട്ടറിലെത്തുക. വനിതകളുടെ സിംഗിൾസിൽ ഗ്രൂപ്പ് എമ്മിലെ അവസാന മത്സരത്തിൽ പി.വി. സിന്ധു 21-5, 21-10ന് എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കുബയെ തോൽപ്പിച്ചു പ്രീക്വാർട്ടറിലെത്തി. ടേബിൾ ടെന്നീസ്: ശ്രീജ പ്രീക്വാർട്ടറിൽ, മണിക ബത്ര പുറത്ത് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ ശ്രീജ അകുല പ്രീക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ 4-2 ന് സിംഗപ്പുരിന്റെ സെങ് ജിയാനെ തോൽപ്പിച്ചാണ് ശ്രീജയുടെ മുന്നേറ്റം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന മണിക ബത്ര പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ മിയു ഹിരാനോയോട് 4-1നാണ് ബത്ര തോറ്റത്.
Source link