തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം, കേരളത്തിൽ ഓഗസ്റ്റ് രണ്ട് വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി – മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Source link