കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന അഞ്ചു മാസം ഗർഭമുള്ള കുതിരയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനാണ് (26) ഇന്നലെ രാവിലെ ഉമയനല്ലൂരിൽ നിന്ന് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. തെക്കേകാവ് ക്ഷേത്രത്തിനു സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമാണ് പിടിയിലാകാനുള്ളത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. സംഭവം വാർത്തയായതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് ഡോക്ടർമാരെത്തി കുതിരയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകി. പോർട്ടബിൾ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വീട്ടിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. കുതിരക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
Source link