ഒഡിഷയിൽ നിന്നെത്തിയ പ്രിയദർശിനിക്ക് രണ്ടാം ജന്മം

മേപ്പാടി : ഒഡിഷയിൽ നിന്ന് ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം വയനാട്ടിലെ വിനോദ യാത്രയ്‌ക്ക എത്തിയതാണ് നഴ്സ് പ്രിയദർശിനി പാണ്ടെ (27). മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ഇവർ താമസിച്ചിരുന്ന ലിനോറ ഹോം സ്റ്റേ ഒലിച്ചുപോയി. ഭർത്താവ് ഡോ. വിണുപ്രസാദ്, സുഹൃത്ത് ഡോ. സ്വധിൻ പെന്റ എന്നിവരെ കണ്ടെത്തിയിട്ടില്ല. ഭർത്താവിന്റെ പിതാവ് പ്രമോദ് കുമാറിനെ പിന്നീട് കണ്ടെത്തി.

ഉറക്കത്തിലായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ കുത്തിയൊഴുകിയെത്തിയ മലവെള്ളം കെട്ടിടത്തെ കോരിയെടുത്തിരുന്നു. കൂടെയുള്ളവരെല്ലാം ഒഴുക്കിൽപ്പെട്ടു. പ്രിയദർശിനി കെട്ടിടത്തിന്റെ അടിത്തറയിൽ അള്ളിപ്പിടിച്ച് മണിക്കൂറുകളോളം കിടന്നു. രക്ഷാദൗത്യത്തിനെത്തിയ പൊലീസുകാരാണ് രക്ഷിച്ചത്.
കഴിഞ്ഞ 26നാണ് ഭുവനേശ്വറിൽ നിന്ന് വിമാനത്തിൽ കോഴിക്കോട് എത്തിയത്. ഞായറാഴ്ച മേപ്പാടി ലിനോറ ഹോം സ്റ്റേയിലെത്തി. തിങ്കളാഴ്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഒന്നേകാലോടെയാണ് വലിയ ശബ്ദത്തോടെ മലവെള്ളം കുതിച്ചെത്തിയത്.

കട്ടക് നഴ്സിംഗ് കോളേജിലെ നഴ്സാണ് പ്രിയദർശിനി. ഭർത്താവ് വിഷ്ണു പ്രസാദ് ചിന്നാർ കട്ടക് മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. സുഹൃത്ത് ഡോ.സ്വാധീൻ കട്ടക് എസ്.ഇ.ബി മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. പ്രിയദർശിനിയും ഭർത്താവിന്റെ പിതാവും പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


Source link

Exit mobile version