പുത്തുമല കവർന്ന മകന്റെ നോവിലും ഷൗക്കത്ത് എത്തി…
മേപ്പാടി: പുത്തുമലയിൽ ഇതുപോലെ കലിപിടിച്ച ഒരു മഴക്കാലമാണ് ഷൗക്കത്തിന്റെ മൂന്നര വയസുള്ള മകനെ കൊണ്ടുപോയത്. ഇന്നിപ്പോൾ തൊട്ടടുത്ത് ചൂരൽമലയിലെ കൊടുംദുരന്തത്തിൽ നൂറുകണക്കിനാളുകളെ പുഴയെടുത്തോൾ നഷ്‌ടപ്പെട്ട മകന്റെ ഓർമ്മകളിൽ പുത്തുമലയിലെ മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ നെഞ്ചിൽ തീ പടരുന്നു…കണ്ണുകൾ നിറയുന്നു…
പുത്തുമലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ചൂരൽമലയിൽ പുഴ സംഹാര താണ്ഡവമാടുമ്പോൾ ആരെയെങ്കിലും രക്ഷിക്കാനാകുമോ എന്ന് നോക്കി സുഹൃത്തുക്കൾക്കൊപ്പം ഓടിയെത്തിയതാണ് ഷൗക്കത്ത്.
ഇതിന് മുമ്പ് വയനാട് കണ്ട വലിയ ദുരന്തം പുത്തുമലയിലേതായിരുന്നു. 2019 ആഗസ്റ്റ് ഏഴിന്. മലവെളളപ്പാച്ചലിൽ മലയിടിഞ്ഞ് തൊഴിലാളികൾ താമസിക്കുന്ന പാടികളെ അപ്പാടെ വിഴുങ്ങി.അതിലാണ് ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മണ്ണിനടിയിൽ പിടഞ്ഞു മരിച്ചത്. പതിനേഴ് പേരാണ് അന്ന് മരിച്ചത്. അഞ്ചുപേരെ കണ്ടെത്തിയില്ല.
ഷൗക്കത്ത് വീടിനോടു ചേർന്ന ചായ്പ്പിൽ ചായക്കട നടത്തുകയായിരുന്നു.
“അന്ന വൈകിട്ട് ചായക്കടയിൽ തിരക്കുണ്ടായിരുന്നു – ഷൗക്കത്ത് ഓർക്കുന്നു…സഹായത്തിനെത്തിയ ഭാര്യയുടെ മടിയിൽ മകൻ ഉറങ്ങിപ്പോയി. അവനെ ഞങ്ങൾ മുറിയിൽ കൊണ്ടുപോയി കിടത്തി. അൽപ്പം കഴിഞ്ഞപ്പോഴാണ് ഭീകര ശബ്ദത്തോടെ മലയിടിഞ്ഞത്. ഓടി അകത്ത് ചെല്ലുമ്പോഴേക്കും മകനെ മലവെളളം വിഴുങ്ങിയിരുന്നു. ഞങ്ങളെ മലവെളളം കശക്കിയെടുത്തു. ഒഴുകിപ്പോയ ഞങ്ങളെ ഒരു കിലോമീറ്റർ അകലെ നിന്ന് നാട്ടുകാർ രക്ഷിക്കുകയായിരുന്നു. ഉണരുന്നത് ആശുപത്രിക്കിടക്കയിലാണ്. പതിനേഴ് വർഷം കാത്തിരുന്നുണ്ടായ മകനെ കിട്ടിയല്ല. അവനെ മണ്ണും മലവെളളവും കൊണ്ടു പോയി.” ഷൗക്കത്തിന്റെ ശബ്ദമിടറി.അയൽക്കാരും അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേരെ കാണാതായതും വലിയ നോവാണ്…
Source link