മേപ്പാടി: കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. ഭർത്താവും കുട്ടികളുമൊത്ത് വീട്ടിൽ നിന്നിറങ്ങിയോടി. ഓടുമ്പോഴും ജീവൻ തിരിച്ചുകിട്ടണമേ എന്ന പ്രാർത്ഥന മാത്രമേ ചൂരൽമല മഹേഷ് നിവാസിലെ സൗമ്യയ്ക്കുണ്ടായിരുന്നുള്ളൂ. മേപ്പാടി വിംസ് ആശുപത്രിയിലിരുന്ന് ഉരുൾപൊട്ടൽ ഓർക്കുമ്പോൾ നടുക്കം മാറിയിട്ടില്ല സൗമ്യയ്ക്ക്. ഭർത്താവ് ബ്രിഷ്ണോവും മക്കളായ അക്ഷിതും ഋഷികയും ഒപ്പമുണ്ട്.
ആദ്യത്തെ ഉരുൾപൊട്ടൽ നടന്നപ്പോഴായിരുന്നു വീടുവിട്ടുള്ള ഓട്ടം. വീടിന്റെ മുന്നിലേക്ക് പാറയും ചരലും വെള്ളവും കുതിച്ചെത്തി. മുട്ടൊപ്പം വെള്ളം. കുടുംബവുമായി ഉയരമുള്ള സ്ഥലത്തേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അതുവഴിവന്ന ചെറുപ്പക്കാർ ഇവരെ സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റിയത്. അപ്പോഴും സമീപത്തുള്ള വീടുകളിൽ നിന്ന് രക്ഷപെടാൻ പലരും കൂട്ടാക്കിയില്ല. നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഉരുൾപൊട്ടലും നടന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ തൊട്ടു മുമ്പിലുണ്ടായിരുന്നതെല്ലാം ഒലിച്ചുപോയി. അക്കൂട്ടത്തിൽ ഇവരുടെ വീടും സമീപത്തെ വീടുകളും ആളുകളുമുണ്ടായിരുന്നു. ഹൃദയം നുറുങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷിയാവുകയായിരുന്നു അവർ. അതിനുശേഷം അവിടെനിന്ന് മാറി മറ്റൊരു സുരക്ഷിത സ്ഥാനം കണ്ടെത്തുകയായിരുന്നു. ദുരന്തമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മക്കളായ അക്ഷിതിനും ഋഷികയ്ക്കും കാലിന് പരിക്കുപറ്റി. ഇക്കാലമത്രയും അദ്ധ്വാനിച്ചതെല്ലാം ഉരുൾപൊട്ടൽ കൊണ്ടുപോയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.
Source link