ദുരന്തമേഖലയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടസപ്പെടുന്നത്. ക്യാമ്പുകളിലുള്ളവർക്കും ഒറ്റപ്പെട്ട് പോയവർക്കും കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങൾ എന്നിവ അടിയന്തിരമായി ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വളരെ അവധാനതയോടെ, ഭീതി പടർത്താതെ വിവരങ്ങൾ ജനങ്ങളിലേക്കും മറ്റ് ബന്ധപ്പെട്ടവരിലേക്കും എത്തിക്കുന്നതിൽ എല്ലാ മാദ്ധ്യമങ്ങളും ഒരുപോലെയാണ് പ്രവർത്തിച്ചത്.
ദുരന്ത മേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ സ്വന്തം സുരക്ഷ മുൻനിർത്തി ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിച്ചു. ആരോഗ്യം , പൊലീസ്, റവന്യൂവകുപ്പ് താലൂക്ക്തല ഐ.ആർഎസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, വനം തുടങ്ങിയ വകുപ്പുകളെല്ലാം കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
Source link