അകമലയിലും ഉരുൾപൊട്ടി? ട്രെയിനുകൾ സ്‌തംഭിച്ചു

വടക്കാഞ്ചേരി: പെരുമഴയിൽ വടക്കാഞ്ചേരി അകമല വനത്തിലും ഉരുൾപൊട്ടിയെന്ന് സംശയം. മലവെള്ളപ്പാച്ചിലിൽ അകമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനും റെയിൽവേ ഓവർ ബ്രിഡ്ജിനും നടുവിൽ വലിയതോതിൽ മണ്ണും, കല്ലും പാളത്തിൽ പതിച്ച് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വിദഗ്ദ്ധ സംഘം മണ്ണുമാന്തി യന്ത്രവുമായെത്തി ഏറെ ശ്രമിച്ചാണ് മണ്ണും കല്ലും നീക്കിയത്.
പാലത്തിന്റെ അടിത്തറ തകർന്നെന്ന സംശയത്തെത്തുടർന്ന് സുരക്ഷാപരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ മൂന്നു പാളവും വെള്ളത്തിൽ മുങ്ങിയത് ഗതാഗതത്തെ ബാധിച്ചു. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും, തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്‌പ്രസ് ആലുവയിലും, തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിച്ചു.
ഗുരുവായൂർ – തൃശൂർ , തൃശൂർ – ഗുരുവായൂർ, ഷൊർണൂർ – തൃശൂർ, തൃശൂർ – ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കി. അകമല മേഖലയിൽ ട്രെയിൻ കടന്നുപോകുന്നത് പൂർണമായും വനത്തിലൂടെയാണ്. മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. കുത്തനെയുള്ള കയറ്റമായതിനാൽ ചരക്ക് ട്രെയിനുകൾ പാളത്തിൽ കുടുങ്ങുന്നതും റെയിൽവേയ്‌ക്ക് വലിയ തലവേദനയയാണ്.
Source link