കളിക്കൂട്ടുകാരിയെ രക്ഷിക്കാനിറങ്ങി; മേഹ്നയ്‌ക്ക് ഇത് രണ്ടാം ജന്മം

മേപ്പാടി: ഉരുൾപൊട്ടിയ മലവെള്ളം വീടിനകത്തേക്ക് കയറുന്നതിനിടെ മകളുടെ കൈയും പിടിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഉപ്പയുടെ കൈ തട്ടിമാറ്റിയാണ് പത്തുവയസുകാരി മേഹ്ന പുറത്തിറങ്ങിയത്. ഒരു നിമിഷം കൊണ്ട് ഒഴുകിവന്ന വെള്ളം മേഹ്നയെയും കൊണ്ടുപോയി.
മകൾ വെള്ളത്തിൽ ഒലിച്ച് പോകുന്നത് നിസഹായരായി നോക്കി നിൽക്കാനെ പിതാവ് ജംഷീറിനും മാതാവും ജംഷീറക്കും കഴിഞ്ഞുള്ളൂ. രാത്രി 1.15ഓടെയാണ് ഉഗ്രശബ്ദത്തോടെ വെള്ളം വെള്ളാർമലയിലെയ്ക്ക് ഇരച്ചെത്തിയത്. മക്കളെയും ഭാര്യയെയും കൂട്ടി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചാം ക്ലാസിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരി അഹന്യയെ രക്ഷിക്കാൻ മേഹ്ന പുറത്തേയ്ക്ക് ഓടിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അതിനിടെ അഹന്യയുടെ വീടും വെള്ളം കൊണ്ടുപോയിരുന്നു. മകൾ വെള്ളത്തിൽ പോയതോടെ ജംഷീർ വെള്ളം കുത്തിയൊഴുകിയ ഭാഗത്ത് ഏറെ നേരം തെരഞു. വെള്ളാർമല ടൗമിന്റെ സമീപത്ത് നിന്ന് നൂറ്റമ്പത് മീറ്റർ താഴെ പരിക്കുകളോടെയാണ് മേഹ്നയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മേഹ്ന തന്നെ കാണാൻ കളിക്കൂട്ടുകാരി വരുമെന്ന പ്രതീക്ഷയിലാണ്.
Source link