അജിത് ജി. നായർ കേവലം കായികമികവിന്റെ പകർന്നാട്ടങ്ങൾ മാത്രമാവില്ല പാരീസ് ഒളിന്പിക്സിലും പാരാലിന്പിക്സിലുമായി ലോകം ഇക്കുറി കാണുക. ലോകത്തെ ഏറ്റവും വലിയ ഭക്ഷണ മാമാങ്കത്തിനും കൂടിയാണ് പാരീസ് ഒരുങ്ങുന്നത്. 13 ദശലക്ഷം ഭക്ഷണവിഭവങ്ങളാണ് കായികമേളയ്ക്കായി എത്തിയവരുടെ വയറു നിറയ്ക്കാൻ കാത്തിരിക്കുന്നത്. ബെഫ് ബുഗീഞ്ഞോയും ബുയാബെസും ഷുക്കൂത്തും കൂഫിത് കനയുമെല്ലാം യഥേഷ്ടം ആസ്വദിക്കാനുള്ള അവസരം പാരീസ് ഒരുക്കുന്നു. ഒളിന്പിക്സ് കഴിഞ്ഞു സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ഓരോരുത്തരും ഫ്രഞ്ച് ഭക്ഷണസംസ്കാരത്തിന്റെ അംബാസഡർമാരാവണമെന്നാണ് സംഘാടകരുടെ ആഗ്രഹം പത്ത് ഫുട്ബോൾ ലോകകപ്പിന് വിളന്പാവുന്നത്ര ഭക്ഷണമാണ് ലോകകായികമേളയ്ക്കായി ഫ്രാൻസിൽ തയാറാവുന്നത്. ഭക്ഷണവൈവിധ്യത്തിന് പണ്ടേ പേരുകേട്ട നാടായതിനാൽ ആളുകൾക്കുള്ള പ്രതീക്ഷകളും ഉയർന്നതാണ്. ഇങ്ങനെയൊരു അവസരം ലഭിക്കുന്പോൾ, തങ്ങളുടെ ഭക്ഷണ പാരന്പര്യത്തിന്റെ സകല പ്രൗഢിയും വെളിവാക്കാൻ ഫ്രാൻസ് ശ്രമിക്കുമെന്ന കാര്യം നിസംശയം. അടിസ്ഥാനവർഗമായ കർഷകരിൽ തുടങ്ങി പാചകക്കാർ, പാരന്പര്യ ഭക്ഷണ വിദഗ്ധർ, ഹോട്ടലുടമകൾ, കാറ്ററിംഗ് ഏജൻസികൾ, ന്യൂട്രീഷനിസ്റ്റുകൾ വരെ എത്തി നിൽക്കുന്ന ഭക്ഷണ ആവാസ വ്യവസ്ഥയാണ് പാരീസിൽ ഇതിനോടകം രൂപപ്പെട്ടിരിക്കുന്നത്.
120 സംഘടനകളും 200 കായികതാരങ്ങളും ചേർന്നാണ് കായികമേളയ്ക്ക് ആവശ്യമായ ഭക്ഷണ പദ്ധതികൾ തയാറാക്കുന്നത്. ഈ കൂട്ടായ പരിശ്രമം ഗെയിംസിനെത്തുന്ന പൊതുജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഒരു ഏകീകൃത സമീപനം ഉറപ്പാക്കാൻ ഗെയിംസ് പാർട്ണേഴ്സിനെയും സേവനദാതാക്കളെയും സഹായിക്കുന്നു. 208 രാജ്യങ്ങളിൽ നിന്നും ടെറിറ്ററികളിൽനിന്നുമുള്ള പതിനയ്യായിരത്തോളം കായികതാരങ്ങൾക്കാണ് ഇവിടെ രുചിവൈവിധ്യങ്ങൾ വിളന്പുക. ജൂലൈ പത്തു മുതൽ സെപ്റ്റംബർ 12 വരെ കായികതാരങ്ങൾക്ക് ഈ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്. കായികതാരങ്ങളുടെ ആവശ്യമനുസരിച്ചാവും ഓരോ വിഭവങ്ങളും തയാറാക്കുക. ദിനംപ്രതി 40 ടണ് ഭക്ഷണമാണ് വിളന്പുന്നത്. 40 വ്യത്യസ്തമായ വിഭവങ്ങൾ 40,000 എണ്ണം വീതമാണ് ഓരോ ദിവസവും പാകം ചെയ്യപ്പെടുക. കായികതാരങ്ങളുടെ ഡയറ്റിന്റെ ഭാഗമായുള്ള നിർദേശങ്ങൾക്കായി ന്യൂട്രീഷനിസ്റ്റുകളുടെ സജീവസാന്നിധ്യവുമുണ്ട്. ലോകോത്തര കായികപ്രകടനങ്ങളും ഫ്രഞ്ച് പാചകകലാ നൈപുണ്യവും ഒരേസമയം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് കായികപ്രേമികളെ തേടിയെത്തിരിക്കുന്നത്. ഭക്ഷണപ്രേമികളായ കായികാസ്വാദകരെ സംബന്ധിച്ച് ഇതിലും നല്ല അവസരം വേറെയില്ലെന്നു പറയാം…
Source link