‘എന്നെ ഒന്നു രക്ഷിക്കൂ’; മലവെള്ളപ്പാച്ചിലിലെ ചെളിയിൽ പുതഞ്ഞ് ജീവൻ, രക്ഷാപ്രവർത്തകർക്കായി കാത്തിരിപ്പ്

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടെയിൽ കുടങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമം. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ആളെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാൽ ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയിൽ പുതഞ്ഞുകിടക്കുന്ന നിലയിലാണ് ആൾ ഇപ്പോഴുള്ളത്. രക്ഷിക്കാൻ അദ്ദേഹം വിളിച്ചു പറയുന്നുണ്ടെങ്കിലും ആർക്കും എത്താനായിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവനാണ് ഈ ദൃശ്യങ്ങൾ ചാനലുകൾക്ക് അയച്ചുകൊടുത്തത്. സ്ഥലത്തേക്ക് എൻഡിആർഎഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകൾക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നത്.
ഈ സ്ഥലത്താണ് ഇയാൾ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്തുള്ളവർ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നത് തിരിച്ചടിയാകുന്നു. അയാളോട് പാറക്കെട്ടിൽ പിടിച്ചിരിക്കാൻ ആളുകൾ വിളിച്ചുപറയുന്നുണ്ട്. മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്‌കൂളിന് സമീപത്താണ് ഇയാൾ കുടുങ്ങിക്കിടക്കുന്നത്.
Source link