ബാമക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ആക്രമണത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിലെ കമാൻഡർ അടക്കം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം തുവാറെഗ് വംശീയ വിഘടനവാദികളും അൽക്വയ്ദ ബന്ധമുള്ള ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വാൽ മുസ്ലിമിൻ (ജെഎൻഐഎം) എന്ന ഭീകരസംഘടനയും ഏറ്റെടുത്തിട്ടുണ്ട്. മുന്പ് വാഗ്നർ ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന റഷ്യൻ കൂലിപ്പട്ടാളം ഇപ്പോൾ ആഫ്രിക്കാ കോർ എന്ന പേരിലാണ് മാലിയിൽ പ്രവർത്തിക്കുന്നത്. 2021 മുതൽ കൂലിപ്പട്ടാളം ജിഹാദി ഗ്രൂപ്പുകളുമായി പോരാടുന്നു. ശനിയാഴ്ച ആക്രമണം നേരിട്ട കാര്യവും സെർഗി ഷെവ്ചെങ്കോ എന്ന കമാൻഡർ കൊല്ലപ്പെട്ട കാര്യവും കൂലിപ്പട്ടാളം സമ്മതിച്ചിട്ടുണ്ട്. എന്നാൽ, മൊത്തം മരണസംഖ്യ പുറത്തു വിട്ടിട്ടില്ല.
20നും 50നും ഇടയിൽ മരണമുണ്ടെന്നാണ് റിപ്പോർട്ട്. തീവ്രവാദികളെ ഫലപ്രദമായി നേരിടുന്നതിനിടെ മണൽക്കാറ്റ് വീശിയത് തിരിച്ചടിയായെന്നാണു കൂലിപ്പട്ടാളം പറയുന്നത്. കൂലിപ്പട്ടാളക്കാരെ തടവിലാക്കിയെന്നും ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും തുവാറെഗ് വിഘടനാവാദികൾ അവകാശപ്പെട്ടു. പട്ടാളവേഷം ധരിച്ച വെള്ളക്കാർ നിലത്തു കിടക്കുന്ന വീഡിയോയും ഇവർ പുറത്തുവിട്ടു. അന്പതോളം പേരെ വധിച്ചതായി, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ ജെഎൻഐഎം ഭീകര സംഘടന പറഞ്ഞു.
Source link