ഇതിഹാസം രചിച്ച് മനു ഭാകർ; പാരീസിൽ ഇന്ത്യയുടെ രണ്ടാം മെഡൽ
പാരീസ്: ആഗോള കായിക മേളയിൽ പുതുചരിത്രംകുറിച്ച് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാകര്‍-സരബ്ജോത് സിംഗ് സഖ്യത്തിനു വെങ്കലനേട്ടം. ദക്ഷിണകൊറിയന്‍ സഖ്യത്തെ 16-10നു കീഴടക്കി ഇന്ത്യന്‍ സഖ്യം രാജ്യത്തിന്റെ രണ്ടാം മെഡല്‍നേട്ടത്തില്‍ പങ്കാളികളാവുകയായിരുന്നു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നേരത്തെ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ടീം ഇനത്തിലും വിജയിയായതോടെ സ്വാതന്ത്ര്യാനന്തരം ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരമെന്ന ബഹുമതിയും മനു സ്വന്തമാക്കി. 124 വർഷം മുന്‍പ്, 1900 ൽ പാരീസിൽത്തന്നെ നടന്ന ഒളിന്പിക്സിൽ ബ്രിട്ടീഷ്- ഇന്ത്യൻ താരം നോർമൻ പ്രിച്ചാർഡ് ഇരട്ടമെഡൽ നേടിയിരുന്നു. 200 മീറ്റർ സ്പ്രിന്റിലും 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡിന്റെ വെള്ളി മെഡലുകൾ. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനുശേഷം രണ്ട് ഒളിന്പിക് മെഡലുകൾ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരിയെന്ന ബഹുമതിയും മനുവിനാണ്. ഒപ്പം മത്സരിച്ച സരബ്ജോത് സിംഗിന്റെ ആദ്യ ഒളിന്പിക് മെഡലാണ് ഇന്നലെ പിറന്നത്. പുരുഷ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനൽ കാണാതെ പുറത്തായ സരബ്ജോതിന്റെ തിരിച്ചുവരവുകൂടിയായിരുന്നു മിക്സഡ് ഡബിൾസിൽ കണ്ടത്. തുടക്കത്തിൽ പതറി പതിമൂന്നു റൗണ്ട് നീളുന്ന മത്സരത്തിൽ മോശം തുടക്കമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റേത്. സരബ്ജോതിന് ആദ്യ ഷോട്ടിൽ 8.6 പോയിന്റ് മാത്രമേ നേടാനായുള്ളൂ. മനു 10.2 പോയിന്റ് നേടി ഇന്ത്യക്ക് 18.8 പോയിന്റ് സമ്മാനിക്കുകയും ചെയ്തു. 20.5 പോയിന്റുമായി കൊറിയ ആദ്യ റൗണ്ടിൽ 2-0 ന്റെ ലീഡ് നേടി. ലക്ഷ്യം തെറ്റാതെ മുന്നേറിയ മനു ഭാകറിന്റെ കരുത്തിൽ അടുത്ത നാലു റൗണ്ടുകൾ പിന്നിടുന്പോൾ ഇന്ത്യ 8-2നു മുന്നിലെത്തി. ആറും എട്ടും റൗണ്ടുകളിൽ കൊറിയൻ സഖ്യം കടുത്ത വെല്ലുവിളിയോടെ മുന്നിലെത്തിയെങ്കിലും ഒന്‍പത്, 10 റൗണ്ടുകളിൽ ഇന്ത്യ തിരിച്ചടിച്ചു.
11, 12 റൗണ്ടുകളിൽ കൊറിയൻ ടീം തിരിച്ചടിച്ചുവെങ്കിലും നിർണായകമായ 13-ാം റൗണ്ടിൽ മനു 9.4 പോയിന്റ് നേടിയപ്പോൾ സരബ്ജോത് 10.2 പോയിന്റിൽ ഷോട്ട് പായിച്ച് 19.6 പോയിന്റ് എന്ന കൂറ്റൻ ലീഡ് ഇന്ത്യക്കു സമ്മാനിക്കുകയായിരുന്നു. കൊറിയയ്ക്ക് 18.5 പോയിന്റ് മാത്രമേ ഈ റൗണ്ടിൽ നേടാനായുള്ളൂ. റിക്കാര്‍ഡുകള്‍ നിരവധി ☛ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ ☛ എയര്‍ പിസ്റ്റൾ വിഭാഗത്തില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യക്കാരി ☛ ഒറ്റ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍താരം ☛ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടര്‍ സരബ്ജോതിന്റെ വരവ് ഹരിയാനയിലെ അന്പാലയിൽ ധീൻ എന്ന ഗ്രാമത്തിലെ കർഷകനായ ജതീന്ദർ സിംഗിന്റെയും വീട്ടമ്മയായ ഹർദീപ് കൗറിന്റെയും മകനാണ് സരബ്ജോത്. ചെറിയ പ്രായത്തിൽത്തന്നെ ഫുട്ബോളിൽ കന്പമുണ്ടായിരുന്ന സരബ്ജോത് 13-ാം വയസിലാണ് ഷൂട്ടിംഗിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നത്. ഫുട്ബോൾ ക്യാന്പിനിടെ ഒരു താത്കാലിക റേഞ്ചിൽ കുറച്ച് കുട്ടികൾ എയർ ഗൺ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതാണു വഴിത്തിരിവായത്. വലിയ ചെലവുള്ള കായികയിനമായതിനാൽ കുടുംബാംഗങ്ങൾ ആദ്യം എതിർത്തുവെങ്കിലും പിന്നീട് സരബ്ജിത്തിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. പിന്നാലെ മുടങ്ങാതെ പരിശീലനത്തിലേക്ക് കടന്ന സരബ്ജോത് 2019ലെ ജൂണിയർ ലോക ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി വരവറിയിച്ചു.
Source link