KERALAMLATEST NEWS

സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഭീഷണിയായി ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സജീവമായി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കൻ മദ്ധ്യപ്രദേശിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നതാണെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വയനാട് മേപ്പാടി മുണ്ടക്കെെയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉരുൾപൊട്ടലിൽ മരണസംഖ്യ 41 ആയി ഉയർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. രക്ഷാപ്രവർത്തനത്തിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.


Source link

Related Articles

Back to top button