കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂർ, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെന്ററുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്ടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എച്ച് ഡി സി ആൻഡ് ബി എം പരീക്ഷങ്ങൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മത്സ്യബന്ധനത്തിന് വിലക്ക് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഇവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Source link