KERALAMLATEST NEWS

ഈ തെങ്ങുകയറ്റക്കാരന് ജീവിതം ചിത്രകല

കൊച്ചി: പിറന്നാളിന് ഭാര്യയുടെ ചിത്രം വരച്ചുനൽകിയപ്പോൾ കണ്ണുനിറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് തനിക്കിതെന്ന് ഭാര്യ അംബിക പറയുകകൂടിചെയ്തപ്പോൾ തെങ്ങുകയറ്റ തൊഴിലാളിയായ രാജീവിന് സമാധാനമായി. ചിത്രകല പഠിക്കണമെന്ന കുട്ടിക്കാലമോഹം പൂവണിഞ്ഞ സുഖം. അമ്മയുടെ ചിത്രം വരച്ചുനൽകിയപ്പോൾ കിട്ടിയ അനുഗ്രഹവും രാജീവിന് മറക്കാനാവില്ല.

തെങ്ങിൻ മുകളിലിരിക്കുമ്പോഴും 58കാരൻ രാജീവിന്റെ മനസിൽ ക്യാൻവാസിലേക്ക് പകർത്തേണ്ട കാഴ്ചകളാണ്. ഗുരുവില്ലാതെയാണ് ചിത്രകല അഭ്യസിച്ചത്. രണ്ടുവർഷമേ ആയുള്ളൂ ഇതിൽ വ്യാപൃതനായിട്ട്. ആദ്യം വരച്ചത് വീണുകിടക്കുന്ന ചില്ലുഗ്ളാസിന്റെ ചിത്രം. അതുകണ്ട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജനാർദ്ദനൻ നൽകിയ പ്രോത്സാഹനം ഊർജമായി. മദ്യത്തിൽ നിന്ന് മുക്തനായതാണ് വലിയ കാര്യം. ഇപ്പോൾ വരയാണ് ലഹരി. വീട്ടിലെത്തിയാൽ ചാർക്കോളും പെൻസിലുമായി ഒറ്റയിരുപ്പാണ്. നൂറുകണക്കിന് ചിത്രങ്ങൾ ക്യാൻവാസിലും പേപ്പറിലുമായി വരച്ചുകൂട്ടി. പോർട്രെയിറ്റിലാണ് കമ്പം.

ആലപ്പുഴ പൂച്ചാക്കൽ തൈക്കാട്ടുശേരി ചാണിയിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെയും ശാന്തമ്മയുടെയും മകനാണ് രാജീവ്. ജീവിക്കാൻ ഹോട്ടൽ ജോലി ചെയ്തു, അരൂരിൽ ചുമട്ടുതൊഴിലാളിയായി, പെയിന്റിംഗ്, പോളീഷിംഗ് രംഗത്തും പണിയെടുത്തു. 15 വർഷമായി തെങ്ങുകയറ്റം തുടങ്ങിയിട്ട്. ഭാര്യ: അംബിക. മക്കൾ: അമൃതരാജ്, അതുൽരാജ്.

ആദ്യ പോർട്രെയിറ്റ്

ഉറ്റ സുഹൃത്ത് ബിജുവിന്റെ അകാലത്തിൽ മരിച്ച മകളുടെ ചിത്രമാണ് ആദ്യം വരച്ച പോർട്രെയിറ്റ്. അതുകണ്ട് ബിജുവും ഭാര്യയും വിതുമ്പി. പരിചയക്കാരുടെയും ബന്ധുക്കളുടെയും മൺമറഞ്ഞ ബന്ധുക്കളുടെ ചിത്രങ്ങൾ വരച്ചുകൊടുക്കും. പെൻസിൽ പരീക്ഷണവും വിജയമാണ്.

“”യൂട്യൂബിൽ നോക്കിയാണ് ചിത്രകലയുടെ കാര്യങ്ങൾ ഇപ്പോൾ മനസിലാക്കുന്നത്. എറണാകുളത്ത് ഒരു ചിത്രപ്രദർശനം നടത്തണമെന്നതാണ് ഇപ്പോൾ മോഹം.

-രാജീവ്

വരയുപകരണങ്ങൾ: ചാർക്കോൾ, ഗ്രാനൈറ്റ് പെൻസിലുകൾ, ബ്ളൈൻഡിംഗ് ബ്രഷ്, ബ്ളൈൻഡിംഗ് സ്റ്റംപ്, ബഡ്സ്, ടിഷ്യുപേപ്പർ


Source link

Related Articles

Back to top button