‘ദേവദൂതനിലെ’ ഫാ. സ്തേവ; ആ കഥാപാത്രത്തിനു പിന്നിലെ അറിയാക്കഥ | Devadoothan Re-release | Memorable Character of Fr Steva | Keralassery Ramankutty Varrier | Mohanlal
‘ദേവദൂതനിലെ’ ഫാ. സ്തേവ; ആ കഥാപാത്രത്തിനു പിന്നിലെ അറിയാക്കഥ
മനോരമ ലേഖിക
Published: July 30 , 2024 11:21 AM IST
Updated: July 30, 2024 12:21 PM IST
1 minute Read
24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വീണ്ടും തിയറ്ററുകളിൽ ആഘോഷിക്കപ്പെടുമ്പോൾ, സിനിമയിൽ ഓരോ ചെറിയ വേഷങ്ങൾ ചെയ്തവരെപ്പോലും പ്രേക്ഷകർ തേടിപ്പിടിക്കുകയാണ്. ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ആ കലാകാരന്മാരെ കൂടി ഈ റി–റീലിസിലൂടെ ചേർത്തു പിടിക്കുകയാണ് പ്രേക്ഷകലോകം. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിൽ ഫാ.സ്തേവ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കേരളശ്ശേരി രാമൻകുട്ടി വാര്യർ.
മോഹൻലാലിന്റെ കഥാപാത്രത്തോട് അലീനയുടെ ഭൂതകാലത്തെക്കുറിച്ചു ചില നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒറ്റ രംഗത്തിലൂടെ ഫാ.സ്തേവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പ്രായാധിക്യത്തിന്റെ അവശതയ്ക്കിടയിലും അതിമനോഹരമായിട്ടാണ് അലീനയുടെ കഥ ഫാ.സ്തേവ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ശബ്ദം കൊടുക്കുകയും ചെയ്തത് കേരളശ്ശേരി രാമൻകുട്ടി വാര്യരാണ്. നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ദേവദൂതനിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മോഹൻലാലിനൊപ്പം രാമൻകുട്ടി വാര്യരും അരുൺ വാര്യരുടെ സഹോദരൻ ശ്രീഹരിയും ദേവദൂതന്റെ സെറ്റിൽ (Photo: M3db)
സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്ന സമൂഹമാധ്യമത്തിലെ എംത്രിഡിബി അഥവാ മലയാളം മൂവീ ആന്റ് മ്യൂസിക് ഡാറ്റാബേസ് എന്ന ഗ്രൂപ്പിൽ കേരളശ്ശേരി രാമൻകുട്ടിയുടെ കൊച്ചുമകൻ അരുൺ വാര്യർ മുത്തച്ഛനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹത്തിന്റെ ദേവദൂതൻ അനുഭവവും പങ്കുവച്ചു. 2018ൽ അന്തരിച്ച മുത്തച്ഛനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ ഈ സിനിമയിലൂടെ സാധിച്ചതിലുള്ള സന്തോഷം തുറന്നു പറഞ്ഞുകൊണ്ടായിരുന്നു അരുൺ വാര്യരുടെ പോസ്റ്റ്. ദേവദൂതന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രങ്ങൾ ഇപ്പോഴും ഒരു നിധി പോലെ കുടുംബം സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അരുൺ വാര്യരുടെ വാക്കുകൾ: “ദേവദൂതൻ വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ. ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയ പടം ഇപ്പോൾ ഹൗസ് ഫുള്ളായി ഓടുന്നതിൽ സന്തോഷിക്കുന്നവരിൽ ഞാനും ഞങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളും ഉണ്ട്. സിനിമയിൽ പ്രധാനമായ ഒരു വേഷമായ ഫാദർ സ്തേവ ചെയ്തത് എന്റെ മുത്തശ്ശൻ കേരളശ്ശേരി രാമൻകുട്ടി വാര്യരാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇപ്പോഴും അദ്ദേഹത്തെ ആദ്യം ഓർക്കുന്നത് ഫാദർ സ്തേവയിലൂടെ ആണ്. സോഷ്യൽ മീഡിയയിൽ പലയിടത്തും ആ സീനിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. മുത്തശ്ശനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ പറ്റുന്നതിന്റെ സന്തോഷത്തിലാണ്.”
മോഹൻലാലിനും സിബി മലയിലിനുമൊപ്പം രാമൻകുട്ടി വാര്യരും കൊച്ചു മകൻ അനു വാര്യരും (Photo: M3db)
പ്രമുഖ ഓട്ടൻ തുള്ളൽ കലാകാരനായിരുന്ന കേരളശ്ശേരി രാമൻകുട്ടി വാര്യർ 1982 -ൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം എന്ന ചിത്രത്തിൽ സംഭാഷണമില്ലാത്ത ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, ലോഹിതദാസ്, സുന്ദർദാസ് തുടങ്ങിയവരുമായുള്ള വ്യക്തിപരിചയമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് സുകൃതം സിനിമയിലേക്ക് രാമൻകുട്ടി വാര്യരെ പരിചയപ്പെടുത്തുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് നാടൻ ചികിത്സ നിർദേശിക്കുന്ന വൈദ്യരായി സുകൃതത്തിൽ രാമൻകുട്ടി വാര്യർ അഭിനയിച്ചു. തുടർന്ന് സല്ലാപം,തൂവൽക്കൊട്ടാരം, സിന്ദൂരരേഖ, ഈ പുഴയും കടന്ന്, ബാലേട്ടൻ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. വാർധക്യത്തിലും കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം 2018 ജനുവരി 26ന് അന്തരിച്ചു.
English Summary:
Celebrating 24 Years of ‘Devadoothan’: The Unforgettable Role of Fr. Steva by Keralassery Ramankutty Varrier
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 5oivka2s303mrasoiqe0c9lu46 mo-entertainment-movie-sibi-malayil mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list
Source link