പക്ഷിശ്രേഷ്ഠൻ എത്ര ധന്യൻ! | The Emotional Saga of Jatayu’s Sacrifice and Rama’s Grief
രാവണൻ കൊണ്ടുപോയത് മായാസീതയെയാണെന്ന് രാമനറിയാം. യഥാർഥ സീത അഗ്നിമണ്ഡലത്തിൽ സുരക്ഷിതയാണെന്ന വിവരം ഇപ്പോൾ അനുജനെ ധരിപ്പിക്കേണ്ടതില്ല. അവതാരലക്ഷ്യമായ രാവണനിഗ്രഹത്തിലേക്ക് സാഹചര്യങ്ങൾ ഉരുത്തിരിയണമല്ലോ. പ്രാകൃതപുരുഷനെപ്പോലെയാണ് തുടർന്നുള്ള പെരുമാറ്റം. പർണശാലയിൽ സീതയ്ക്ക് ആരാണു തുണ?നീയെന്തിനാണ് ഇപ്പോഴിങ്ങോട്ടുപോന്നത്? ജാനകിയെ രാക്ഷസർ കൊണ്ടുപോയേക്കാം, കൊന്നുതിന്നേക്കാം; കഷ്ടംതന്നെ! സീതയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ട കാര്യം അനുജൻ അറിയിക്കുന്നു. കേൾക്കേണ്ടിവന്നത് എന്തെല്ലാമെന്ന് ലക്ഷ്മണൻ ജ്യേഷ്ഠനോടു പറയുന്നില്ല. ഭയപ്പെട്ടതുപോലെ പർണശാലയിൽ സീതയില്ല.
വനദേവതമാരോട്,മൃഗസഞ്ചയത്തോട്, പക്ഷിക്കൂട്ടങ്ങളോട്,വൃക്ഷവൃന്ദത്തോട് വിലപിച്ചു ചോദിക്കുകയാണ് രാമൻ.‘‘സീതയെ കണ്ടോ?’’. രണ്ടാംതവണയും സംശയദൃഷ്ടിയോടെയാണു ഭഗവാൻ തന്നെ കാണുന്നതെന്നത് എത്ര ഖേദകരമായ അനുഭവമാണെന്നോ ജടായുവിന്! ഏറ്റുമുട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ചോരയണിഞ്ഞൊരു ഘോരരൂപിയെ കാണുമ്പോൾ അതു സീതയെ ഭക്ഷണമാക്കിയവൻ എന്നുതന്നെ നിനയ്ക്കുന്നു, ആകുലചിത്തനായി അലയുന്ന സീതാപതി. അങ്ങയെക്കാണുവോളം മരണം സംഭവിക്കാതിരിക്കാൻ ദേവി അനുഗ്രഹിച്ചിട്ടുണ്ട് എന്നതുവരെ സംഭവഗതികൾ ജടായു വിശദീകരിക്കുന്നു. ഭഗവാന്റെ തലോടലേറ്റ് ആ ഭക്തൻ പ്രാണൻ വെടിയുന്നു.
ഭക്തവാത്സല്യത്താൽ കണ്ണീർ നിയന്ത്രിക്കാനാകുന്നില്ല രാമന്. ഭഗവൽക്കരങ്ങളാൽ സംസ്കാരശുശ്രൂഷയും ഉദകക്രിയയും! പക്ഷിശ്രേഷ്ഠന്റെ ജന്മം എത്ര ധന്യമാണ്!! ദിക്കുകളൊക്കെയും തേജസ്സ് വ്യാപിച്ച് സൂര്യനെപ്പോലെ ശോഭിച്ചാണ് ജടായു സ്വർലോകം പൂകുന്നത്. വനമാർഗത്തിലെങ്ങും ദേവിയെപ്പറ്റി കൂടുതൽ സൂചനയേതും ലഭിക്കാതെ അലയുമ്പോഴാണ് രക്ഷോരൂപത്തിൽ ഒരു സത്വത്തെ കാണുന്നത്. രൂപംകൊണ്ട് പക്ഷിയും മൃഗവുമല്ല. കാലും തലയും കാണാനില്ല. ഒരു യോജനയാണ് കൈകൾക്കു നീളം. യൗവനത്തിലും സൗന്ദര്യത്തിലും അഹങ്കരിച്ച്, സുന്ദരിമാരുടെ മനംകവർന്നു വാഴുന്ന കാലത്ത് അഷ്ടാവക്രമുനിയുടെ വൈരൂപ്യത്തെ അപഹസിച്ച് ശാപമേറ്റ ഗന്ധർവനാണ് വിരൂപിയായി മുന്നിൽ; കബന്ധൻ.
അഗ്നിയിൽ തന്റെ ശരീരം ദഹിപ്പിക്കുമ്പോൾ സീതയെ കൊണ്ടുപോയ മാർഗം അറിയിക്കാമെന്നാണ് കബന്ധൻ പറയുന്നത്. യോഗീന്ദ്രന്മാർക്കു ലഭിക്കുന്ന പരമാനന്ദപദത്തിലേക്ക് ഭഗവാൻ കബന്ധനെ ഉയർത്തുന്നു. മുന്നോട്ടുചെല്ലുമ്പോൾ കാണുന്ന മതംഗാശ്രമത്തിൽ കഴിയുന്ന ശബരിതപസ്വിനിയിൽനിന്നു വിവരങ്ങൾ ലഭിക്കുമെന്നാണ് ഗന്ധർവൻ അറിയിക്കുന്നത്. ജ്ഞാനമില്ലാത്തവളും മൂഢയുമായ കാട്ടാളസ്ത്രീയാണു താനെന്ന് ശബരി. താപസർക്കുപോലും ദുർലഭമായ നേട്ടം തനിക്കു കൈവന്നിരിക്കുന്നു.ഭഗവൽദർശനം ലഭിക്കുമെന്ന ഗുരുവരം സത്യമായിബ്ഭവിക്കുന്നു. വിജ്ഞാനമല്ല, നിഷ്കളങ്ക ഭക്തിയാണ് ആ തപസ്വിനിക്ക് ഇതു സാധ്യമാക്കിക്കൊടുക്കുന്നത്. ഋശ്യമൂകാചലത്തിൽ നാലുമന്ത്രിമാർക്കൊപ്പം വാഴുന്ന സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടു സീതയെ വീണ്ടെടുക്കാമെന്നറിയിച്ചാണ് ശബരി ദേഹത്യാഗം ചെയ്തു മോക്ഷത്തെ പ്രാപിക്കുന്നത്.
English Summary:
The Emotional Saga of Jatayu’s Sacrifice and Rama’s Grief
7ig0mstsr6h75jlsmo6882fmju 30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k 7os2b6vp2m6ij0ejr42qn6n2kh-list
Source link