കഴുത്തിനും തലയ്‌ക്കും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഇന്ത്യയിലെ പുരുഷന്മാരില്‍ വ്യാപകം; കാരണം ജീവിതശൈലി
കഴുത്തിനും തലയ്‌ക്കും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ വ്യാപകമാകുന്നു. ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍. വായ, കഴുത്ത്, തൊണ്ട, മൂക്ക്, സൈനസുകള്‍, ചെവി, സ്വനപേടകം, ഉമിനീര്‍ ഗ്രന്ഥികള്‍, തൈറോയ്‌ഡ് ഗ്രന്ഥി, ചര്‍മ്മം എന്നിവിടങ്ങളിലെല്ലാം ആരംഭിക്കുന്ന അര്‍ബുദങ്ങള്‍ ഈ ഗണത്തില്‍ വരുന്നു.
ഇവയുടെ ലക്ഷണങ്ങള്‍ ഇടത്തിനനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. വായില്‍ ആരംഭിക്കുന്ന അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണം രണ്ടോ മൂന്നോ ആഴ്‌ചയായിട്ടും മാറാത്ത വായ്‌പുണ്ണാണ്. സ്വനപേടകം അഥവാ വോയ്‌സ് ബോക്‌സില്‍ വരുന്ന അര്‍ബുദം ശബ്ദത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. പെട്ടെന്ന് പല്ലുകള്‍ അയയുന്നത്, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തില്‍ മുഴ, വീര്‍ക്കല്‍, മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം എന്നിവയും ലക്ഷണങ്ങളാണ്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പുകയിലയുടെ അമിത ഉപയോഗം മൂലം വായിലെ അര്‍ബുദത്തിന്റെ നിരക്ക് അധികമാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഫാരിഞ്ചല്‍ അര്‍ബുദങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് അധികമായി കാണപ്പെടുന്നത്. ആന്ധ്രാ പ്രദേശിലെ ഗ്രാമീണ മേഖലകളില്‍ റിവേര്‍സ് സ്‌മോക്കിങ് എന്നറിയപ്പെടുന്ന പ്രത്യേകതരം പുകവലി ശീലം മൂലം അണ്ണാക്കിലെ അര്‍ബുദത്തിന്റെ നിരക്കും ഉയര്‍ന്നതാണ്.
ഈ പ്രാദേശികമായ വ്യതിയാനങ്ങള്‍ അര്‍ബുദത്തിനു മേലുള്ള ജീവിതശൈലിയുടെയും പരിസ്ഥിതിയുടെയും സ്വാധീനം വ്യക്തമാക്കുന്നു. മദ്യപാനം, എച്ച്‌പിവി അണുബാധ, കൂര്‍ത്ത പല്ലുകള്‍ മൂലമുള്ള നിരന്തരമായ ബുദ്ധിമുട്ട്, ശരിക്കും ഫിറ്റാകാത്ത കൃത്രിമപല്ല് എന്നിവയും അര്‍ബുദസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
പുകവലിക്ക് പുറമേ പാന്‍, സര്‍ദ, ഗുഡ്‌ക, ഖാര, മാവ, ഖൈനി, പുകയില എന്നിവയുടെ ഉപയോഗവും ഇന്ത്യയിലെ പുരുഷന്മാരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദം വ്യാപകമാകുന്നതിന് പിന്നിലെ മുഖ്യ കാരണമാണ്. 2040 ഓട് കൂടി ഇന്ത്യയില്‍ 21 ലക്ഷം പുതിയ അര്‍ബുദ കേസുകള്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇതില്‍ 30 ശതമാനവും ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കിയാല്‍ ഈ അര്‍ബുദങ്ങളുടെ രോഗമുക്തി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
English Summary:
Exploring the Alarming Rise of Head and Neck Cancers Among Men in India
Source link