കുട്ടിയെ തട്ടിയെടുത്ത കേസ്: പ്രതിക്ക് പഠിക്കാൻ ജാമ്യം

കൊച്ചി: കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അനുപമയുടെ ആവശ്യം. ബംഗളൂരുവിൽ എൽ.എൽ.ബി കോഴ്സിന് ചേരാനാണ് അനുപമ ഒരുങ്ങുന്നത്.

എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു.

2023 നവംബർ 27നാണ് ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം അഡി. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്.


Source link

Exit mobile version