ഹോക്കിയിൽ ഇന്ത്യക്കു സമനില

പാരീസ്: 2024 പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ സമനില പൊരുതി സ്വന്തമാക്കി. മത്സരം അവസാനിക്കാൻ ഒരു മിനിറ്റും 54 സെക്കൻഡും മാത്രം ബാക്കിനിൽക്കേയായിരുന്നു അർജന്റീനയ്ക്ക് എതിരായ ഇന്ത്യയുടെ സമനില ഗോൾ. ഇതോടെ പൂൾ ബിയിൽനിന്ന് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി നിലനിർത്തി. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലൂക്കാസ് മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിൽ. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് പന്തു തടയാനായി തന്റെ വലതു കൈ നീട്ടിയെങ്കിലും ഫലമുണ്ടായില്ല. വലയുടെ വലത് കോണിൽ പന്തെത്തി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇന്ത്യക്കു സാധിച്ചില്ല. രണ്ടാം പകുതിയിലും അർജന്റീനയുടെ പ്രതിരോധം കടുകട്ടിയായി തുടർന്നു. എന്നാൽ, 59-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്ത്യക്കു സമനില സമ്മാനിച്ച ഗോൾ നേടി. അതോടെ ഇന്ത്യയുടെ ശ്വാസം നേരേവീണു.
പൂൾ ബിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 3-2നു ന്യൂസിലൻഡിനെ കീഴടക്കിയപ്പോഴും ഹർമൻപ്രീത് സിംഗ് ആയിരുന്നു അവസാന ഗോൾ നേടിയത്. ഇതോടെ രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി പൂൾ ബിയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു ജയം വീതം സ്വന്തമാക്കിയ ബെൽജിയം, ഓസ്ട്രേലിയ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പൂളിലെ ആദ്യ നാലു സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക.
Source link