അർജുൻ അശോകനും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് കേസ്. ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം ജി റോഡിൽ വച്ച് ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1. 30 ഓടെയായിരുന്നു അപകടം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി അവിടെയുണ്ടായിരുന്ന ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാക്കനാട് വച്ചായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്.

മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് അരുൺ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.


Source link

Exit mobile version