ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായി, അന്വേഷണം

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിലൊരാൾ പെൺകുട്ടിയാണ്. ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദർ നഗറിൽ റാവു ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്. കനത്ത മഴയിൽ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണുവെന്നാണ് കരുതുന്നത്.രാത്രി ഏഴുമണിയോടെ വിദ്യാർത്ഥികൾ ബേസ്‌മെന്റിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ലഭിച്ച ഡൽഹി പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി. ആഴ‌്ചാവസാനത്തെ പ്രത്യേക ക്ളാസിൽ പങ്കെടുക്കാനെത്തിയ നിരവധി വിദ്യാർത്ഥികൾ ആ സമയം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തി. ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടുദിവസമായി ഡൽഹിയിൽ കനത്ത മഴയുണ്ട്. അതിനാൽത്തന്നെ കെട്ടിടത്തിന്റെ പരിസരമെല്ലാം വെള്ളക്കെട്ടിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി മന്ത്രി അതിഷി മർലേന ഉത്തരവിട്ടു.
അതേസമയം, പ്രദേശത്തെ അഴുക്കുചാലുകൾ വൃത്തിയാക്കി മണ്ണ് നീക്കാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ബി.ജെ.പി എം.പി ബാൻസുരി സ്വരാജ് ആരോപിച്ചു. ദുരന്തത്തിന് ഉത്തരവാദി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രാദേശിക എം.എൽ.എ ദുർഗേഷ് പഥക്കുമാണെന്നും ബാൻസുരി പറഞ്ഞു.
Source link