റഷ്യൻ സൈന്യത്തിൽ ചേർത്ത ഹരിയാണ സ്വദേശി കൊല്ലപ്പെട്ടു; മരണം യുക്രൈയിനെതിരായ യുദ്ധത്തിനിടെ

മോസ്കോ: യുക്രൈയിന് എതിരെയുള്ള പോരാട്ടത്തിന് റഷ്യൻ സൈന്യത്തിൽ ചേർത്ത് യുദ്ധമുഖത്തേക്ക് അയച്ച ഹരിയാണ സ്വദേശി കൊല്ലപ്പെട്ടെന്ന് കുടുംബം. കൈത്താൽ ജില്ലയിലെ മാത്തൂർ ഗ്രാമത്തിലുള്ള രവി മൗൺ(22) ആണ് മരിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരൻ അജയ് മൗൺ പറഞ്ഞു. ജനുവരി 13-ന് റഷ്യയിലേക്ക് മറ്റൊരു ജോലിക്കായി പോയ രവിയെ യുക്രൈയിനെതിരെയുള്ള യുദ്ധത്തിനായി സൈന്യത്തിൽ ചേർക്കുകയായിരുന്നു. സഹോദരനെകുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21-ന് അജയ് ഇന്ത്യൻ എംബസിക്ക് കത്തയച്ചു. അപ്പോഴാണ് മരണവിവരം എംബസി അധികൃതർ അറിയിച്ചത്. യുക്രയിനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കിൽ 10 വർഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യൻസേന സഹോദരനെ ഭീഷണിപ്പെടുത്തിയെന്ന് അജയ് പറഞ്ഞു. കിടങ്ങുകൾ കുഴിക്കാൻ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തു. മാർച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അജയ് കൂട്ടിച്ചേർത്തു.
Source link