ഗുജറാത്തിലെ രണ്ടാമൻ ഇനി പുതുച്ചേരിയിൽ ഒന്നാമൻ
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന്റെ കറ മായ്‌ച്ച് പ്രതിച്ഛായ വീണ്ടെടുക്കാൻ അണിയറയിൽ പ്രവർത്തിച്ച വിശ്വസ്തനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമൂഴത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവരുമെന്ന് കരുതിയിരുന്നു.
എന്നാൽ ഗുജറാത്തിലെ തന്റെ പിൻഗാമികളായ മുഖ്യമന്ത്രിമാരുടെ സഹായിയായി നിലനിർത്തിയ കുനിയിൽ കൈലാഷ് നാഥന് മോദി നൽകിയത് പുതിയ ദൗത്യം: പുതുച്ചേരി ലെഫ്. ഗവർണർ.
മോദി പ്രധാനമന്ത്രിയായ ശേഷം ആനന്ദി ബെൻ പട്ടേൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നീ മുഖ്യമന്ത്രിമാരുടെയും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ജൂൺ 29നാണ് വിരമിച്ചത്. 2013ൽ അഡീഷൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹത്തെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി സൃഷ്‌ടിച്ച് ഗുജറാത്തിൽ നിലനിർത്തുകയായിരുന്നു.
അടിസ്ഥാന വികസന പദ്ധതികളിലൂടെ ഗുജറാത്തിന്റെയും മോദിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ‘രണ്ടാമൻ’, കെ.കെ എന്നൊക്കെ അറിയപ്പെട്ട കൈലാഷ്‌നാഥന്റെ ഉപദേശപ്രകാരമായിരുന്നു ഗുജറാത്തിലെ ബ്യൂറോക്രാറ്റ, രാഷ്‌ട്രീയ നിയമനങ്ങൾ. മറ്റ് മുതിർന്ന നേതാക്കളെ പിന്തള്ളി മോദിക്ക് പ്രധാനമന്ത്രി പദം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
പിതാവ് തപാൽ വകുപ്പിലായിരുന്നു. ജനിച്ചതും വളർന്നതും ഉൗട്ടിയിൽ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1981ൽ ഗുജറാത്തിൽ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗി ജീവിതത്തിന്റെ തുടക്കം.
അഹമ്മദാബാദിനുള്ള ബസ് റാപ്പിഡ് ട്രാൻസിറ്റ് പ്രോജക്റ്റ് വികസിപ്പിച്ച സകമ്മിറ്റി അധ്യക്ഷനായിരുന്നു. ഭൂകമ്പത്തിൽ തകർന്ന കച്ച് പുനരുദ്ധരിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ മുഖ്യ സംഘാടകൻ. മോദി ഏൽപ്പിച്ച സബർമതി ആശ്രമം നവീകരണവും പൂർത്തിയാക്കിയാണ് അടുത്ത ദൗത്യം. 2010ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കൈലാഷ് നാഥന്റെ മകളുടെ വിവാഹത്തിന് തൃശൂരിൽ എത്തിയിരുന്നു.
Source link