പാരീസ്: നീന്തൽകുളത്തിലെ നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിച്ച വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിന്പിക് സ്വർണം നിലനിർത്തി ഓസ്ട്രേലിയൻ താരം അരിയാൻ ടിറ്റ്മസ്. കാനഡയുടെ കൗമാരതാരം സമ്മർ മകിൻടോഷ് രണ്ടാമതെത്തി. അമേരിക്കൻ നീന്തൽ ഇതിഹാസം കേറ്റ് ലഡക്കി വെങ്കലം നേടി. 400 മീറ്റർ ഫ്രീസ്റ്റൈലിലെ ലോക റിക്കാർഡ് ജേതാവ് കൂടിയായ ടിറ്റ്മസ് ടോക്കിയോ ഒളിന്പിക്സിലും ഒന്നാമതെത്തിയിരുന്നു. പതിനേഴുകാരി സമ്മർ മകിൻടോഷിന്റെ ആദ്യ ഒളിന്പിക്സ് മെഡലാണിത്. 2018നുശേഷം 400 മീറ്റർ ഫ്രീ സ്റ്റൈൽ ഫൈനലിൽ തോറ്റിട്ടില്ലെന്ന റിക്കാർഡ് നിലനിർത്താനും ടിറ്റ്മസിനായി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ജർമ്മനിയുടെ ലൂക്കാസ് മെർട്ടൻസ് സ്വർണവും ഓസ്ട്രേലിയയുടെ ഇലാജ വിന്നിംഗ്ടണ് വെള്ളിയും നേടി. ദക്ഷിണ കൊറിയയുടെ കിം വൂമിനാണ് വെങ്കലം.
സ്വർണം നിലനിർത്തി ഓസ്ട്രേലിയയും യുഎസും വനിതകളുടെ 4×100 മീറ്റർ നീന്തൽ റിലേയിൽ ഒളിന്പിക് റിക്കാർഡോടെ (3:28.52) ഓസ്ട്രേലിയ സ്വർണം നിലനിർത്തി. പാരീസിൽ ഓസ്ട്രേലിയ നേടിയ ആദ്യ സ്വർണമായിരുന്നു. 2012 ഒളിന്പിക്സ് മുതൽ ഓസ്ട്രേലിയ സ്വർണം കൈവിട്ടിട്ടില്ല. ഈ ഇനത്തിന്റെ പുരുഷ വിഭാഗത്തിൽ അമേരിക്ക സ്വർണം (3:09.28) സ്വന്തമാക്കി. പാരിസിൽ അമേരിക്കയുടെ ആദ്യ സ്വർണവും ഇതായിരുന്നു. 4×100 മീറ്റർ നീന്തൽ റിലേയിൽ അമേരിക്കയുടെ തുടർച്ചയായ മൂന്നാമത്തെ സ്വർണമാണ്.
Source link