ഒളിന്പിക്സിൽ ഇന്ത്യക്ക് വെങ്കലശോഭ
പാരീസ്: പാരീസ് ഒളിന്പിക്സിൽ വെങ്കലത്തിളക്കത്തോടെ ഇന്ത്യയുടെ തുടക്കം. വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിൽ മനു ഭാകറിലൂടെയാണ് ത്രിവർണപതാക പാരീസിൽ പാറിക്കളിച്ചത്. കൊറിയൻ താരങ്ങൾക്കു കടുത്ത വെല്ലുവിളിയുയർത്തി 221.7 എന്ന സ്കോറിലാണ് ഒളിന്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി ഹരിയാനയിലെ ജാജ്വറിൽനിന്നുള്ള ഈ 22കാരി സ്വന്തമാക്കിയത്. കൊറിയയിൽനിന്നുള്ള ജിൻ യേ ഓ (സ്കോർ 243.2) കിം യെജി (241.3) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. മനു ഭാകറിന്റെ വെങ്കലത്തിലൂടെ ഷൂട്ടിംഗിൽ 12 വർഷത്തിനുശേഷമാണ് ഒളിന്പിക് മെഡൽ ഇന്ത്യയിലേക്കെത്തുന്നത്. 2012ൽ ലണ്ടനിൽ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ് കുമാര്‍ വെള്ളിയും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന് നാരംഗ് വെങ്കലവും നേടിയശേഷമുള്ള ആദ്യവിജയമാണിത്. യോഗ്യതാ റൗണ്ടിൽ മനു ഭാകർ (സ്കോർ 580) മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ ആദ്യ ഷോട്ടിൽ രണ്ടാം സ്ഥാനത്തെത്തി വലിയ പ്രതീക്ഷ നൽകിയെങ്കിലും വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം ടോക്കിയോ ഒളിന്പി ക്സിൽ പിസ്റ്റൾ തകരാറിലായതോടെ മത്സരത്തിൽനിന്ന് പിന്മാറേണ്ടിവന്നതിന്റെ നിരാശ തീർക്കാനും താരത്തിനായി.
ടോക്കിയോ സമ്മാനിച്ച നിരാശ മറികടക്കാൻ ഏറെ സമയം വേണ്ടിവന്നുവെന്ന് മത്സരശേഷം മനു ഭാകർ പ്രതികരിച്ചു. വിവരണാതീതമായ സന്തോഷമാണീ നേട്ടം. മുഴുവൻ ഊർജവും പുറത്തെടുത്തായിരുന്നു പ്രകടനം. ഒരുപക്ഷ അടുത്ത തവണ ഇതിലും മെച്ചപ്പെട്ട നേട്ടത്തിനു കഴിഞ്ഞേക്കാം-നിറചിരിയോടെ മനു ഭാകർ പറഞ്ഞു. ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്ന് രണ്ടു ഫൈനൽ ഇന്ത്യക്കു പ്രതീക്ഷയേകി ഇന്ന് രണ്ടു ഫൈനലുകൾ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്ജുന് ബബുതയും ഫൈനലിൽ ഇന്നിറങ്ങും.ബോക്സിംഗില്‍ നിഖാത് സറീനും പ്രീതി പവാറും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷന്മാരുടെ സിംഗിള്‍സ് തുഴച്ചിലില്‍ ബല്‍രാജ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Source link