അനുസ്മരണ റിപ്പോർട്ടിൽ മുഷറഫ്; ബി.ജെ.പി പ്രതിഷേധം

ആലപ്പുഴ : കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് രാജ്യത്താകെ പരിപാടികൾ നടക്കുന്നതിനിടെ, ബാങ്ക് ഒഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ അനുസ്മരിച്ച ലോകനേതാക്കളിൽ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെയും ഉൾപ്പെടുത്തിയത് വിവാദമായി. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളന നഗറിലേക്ക് മാർച്ച് നടത്തിയതോടെ സമ്മേളന നഗറിന് മുന്നിൽ പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമായി. പൊലീസ് കാവലിലാണ് പോളി ജോർജ് നഗറിൽ ഒരു ദിവസത്തെ സമ്മേളനം പൂർത്തിയാക്കിയത്.
സമ്മേളനത്തിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ടിൽ പർവേസ് മുഷറഫിന്റെ പേരുൾപ്പെട്ട വിവരം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കെ.സി.വേണുഗോപാൽ എം.പി പരിപാടിയിൽ പങ്കെടുത്തുമില്ല. നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടാതെപോയതാണെന്നാണ് യൂണിയൻ നേതാക്കൾ നൽകുന്ന വിശദീകരണം.
Source link