കാശ്‌മീരിൽ പാക് രഹസ്യാക്രമണം, സൈനികന് വീരമൃത്യു, പാകിസ്ഥാനിയെ സൈന്യം വധിച്ചു

പ്രകോപനം മോദിയുടെ താക്കീതിനു പിന്നാലെ

ന്യൂഡൽഹി: കാർഗിൽ വിജയ വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നൽകിയതിനു തൊട്ടുപിന്നാലെ പാക് സൈനിക കമാൻഡോകളും ഭീകരരും ചേർന്ന് വടക്കൻ കാശ്‌മീരിൽ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. മേജർ ഉൾപ്പെടെ നാലു സൈനികർക്ക് പരിക്കേറ്റു.

കുപ്‌വാര ജില്ലയിൽ മാച്ചിൽ സെക്‌ടറിലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാവിലെ ആയിരുന്നു ആക്രമണം. പാക് സൈനികരും ഭീകരരും ഉൾപ്പെടുന്ന ബോർഡർ ആക്‌ഷൻ ടീം ( ബി. എ.ടി ) ആണ് ആക്രമണം നടത്തിയത്.

നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഇന്ത്യൻ സൈന്യം വധിച്ചു. ഇയാൾ ഭീകരനോ പാക് സൈനികനോ എന്ന് വ്യക്തമല്ല. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരർ പാക് അധിനിവേശ കാശ്‌മീരിലേക്ക് രക്ഷപ്പെട്ടു.

ജില്ലയിലെ കാംകാരി പോസ്റ്റിനു സമീപം മൂന്ന് ഭീകരർ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിരുന്നു. ഭീകരർ ഗ്രനേഡ് എറിയുകയും ഇന്ത്യൻ പോസ്റ്റിന് നേരെ വെടി വയ്‌ക്കുകയും ചെയ്‌തു. സേന

തിരിച്ചടിച്ചതോടെ മണിക്കൂറുകളോളം ഏറ്റുമുട്ടൽ നീണ്ടു. വെടിയേറ്റ യു.പി സ്വദേശിയായ മോഹിത് റാഥോഡ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി.

ജമ്മുകാശ്‌മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. അതിർത്തിയിലെ കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളിൽ ഭീകരാക്രമണം വർദ്ധിച്ചിരിക്കയാണ്. ഈ മാസം 11 സൈനികരാണ് വീരമൃത്യു വരിച്ചത്. വിദഗ്ദ്ധ പരിശീലനം കിട്ടിയ അൻപതോളം പാക് ഭീകരർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുണ്ട്. അമേരിക്കൻ നിർമ്മിത, നൈറ്റ് വിഷൻ സങ്കേതമുള്ള എം 4 കാർബൈൻ റൈഫിളുകൾ ഇവരുടെ പക്കലുണ്ട്.

ബോർഡർ ആക്‌ഷൻ ടീം

 ഇന്ത്യാവിരുദ്ധ ഓപ്പറേഷന് പാക് സേനയുടെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്. എസ്. ജി ). പാക് കരസേനയും വ്യോമസേനയും പരിശീലനം നൽകും

 പാക് അതിർത്തി സേനയായ റേഞ്ചേഴ്സിന്റെയും ഭീകരസംഘടനകളുടെയും പിന്തുണ. അതിർത്തിയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തും

 പാക് സൈനിക വേഷത്തിലായിരിക്കും ഭീകരരും. പിടിക്കപ്പെട്ടാൽ ഭീകരർ ആണെന്ന് പറഞ്ഞ് പാകിസ്ഥാൻ കൈ ഒഴിയും

പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറി അക്രമം നടത്തി രക്ഷപ്പെടുന്നു. കേന്ദ്രസർക്കാർ കാഴ്‌ചക്കാരാണ്. ജമ്മുകാശ്‌മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 20 അംഗ സമിതി കേന്ദ്രം രൂപീകരിക്കണം

–മെഹബൂബ മുഫ്‌തി, മുൻ മുഖ്യമന്ത്രി, പി.ഡി.പി


Source link

Exit mobile version