ഇങ്ങനെ പോയാൽ ഇവരുടെയെല്ലാം കഞ്ഞികുടി മുട്ടും,​ കേരളത്തിലെ ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും

കോട്ടയം : വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാതെ കാറ്ററിംഗ് മേഖലയിലെ സംരംഭകർ സമരവുമായി തെരുവിലേയ്ക്ക്. അവശ്യ സാധനങ്ങൾക്ക് പുറമെ വൈദ്യുതിചാർജ് – പാചക വാതക വിലവർദ്ധനവുമാണ് മേഖലയ്ക്ക് തിരിച്ചടിയായത്. 30 ന് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് ഓൾ കേരളാ കാറ്ററിംഗ് അസോസിയേഷൻ. പച്ചക്കറി,​ പലചരക്ക്,​ മത്സ്യം,​ മാംസം എന്നിവയ്ക്കടക്കം വില കുതിച്ചുയരുകയാണ്. ഉയർന്ന വില മൂലം ഓർഡറുകൾ കുറയും. ഒരു പരിധിക്ക് അപ്പുറം ഭക്ഷണ വില വർദ്ധിപ്പിക്കാനുമാകില്ല. ജില്ലയിൽ മാത്രം കാറ്ററിംഗ് മേഖലയെ ആശ്രയിച്ച് പതിനായിരത്തിലേറെ തൊഴിലാളികളുണ്ട്. പോക്കറ്റ് മണിക്കായി വിദ്യാർത്ഥികളടക്കമുള്ളവർ പാർട്ട് ടൈമായി ഭക്ഷണം വിളമ്പാനുമെത്തും. ഇവരുടേയെല്ലാം കഞ്ഞികുടി മുട്ടിക്കുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

 സർക്കാർ ആനുകൂല്യങ്ങളുമില്ല

ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ എല്ലാ നടപടിക്രമങ്ങളും ഉള്ളപ്പോഴും കാറ്ററിംഗ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിച്ചിട്ടില്ല. ഇതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കാറില്ല. നികുതിയിളവ്,​ വൈദ്യുതിചാർജിലെ ഇളവ് ഉൾപ്പെടെ വേണമെന്നാണ് ആവശ്യം. ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണ സൗകര്യമില്ലാത്തതിനാൽ വൻ തുക മുടക്കി ഇവ സംസ്കരിക്കേണ്ടതും കാറ്ററിംഗുകാരുടെ ഉത്തരവാദിത്വമായി മാറി. ഒരു കാറ്ററിംഗുകാരന് 10 മുതൽ 20 വരെ സ്ഥിരം ജീവനക്കാർ ഉണ്ടാവും. ബുക്കിംഗ് നഷ്ടമായാലും ജീവനക്കാർക്ക് ശമ്പളം നൽകണം. അനുബന്ധ ജോലികൾക്കായി ഇത്രയും പേർ വേറെ കാണും.

ആവശ്യങ്ങൾ

വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

 ചെറുകിട വ്യവസായമായി അംഗീകരിക്കുക

ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണം ഉറപ്പാക്കുക

ജില്ലയിൽ 200 കാറ്ററിംഗുകാർ‌

” ഗത്യന്തരമില്ലാതെയാണ് സമരത്തിലേയ്ക്ക് കടക്കുന്നത്. സംരഭകരുടേയും-തൊഴിലാളികളുടേയും സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് പദ്ധതി നടപ്പാക്കേണ്ടതുണ്ട്” ഏലിയാസ് സക്കറി, രക്ഷാധികാരി, ആൾകേരളാ കേറ്റേഴ്സ് അസോ.


Source link

Exit mobile version