പാരീസ്: ഫ്രാൻസിലെ അതിവേഗ റെയിൽപാതകളിൽ അട്ടിമറിക്കു ശ്രമിച്ചതാരെന്നതിൽ ദുരൂഹത തുടരുന്നു. ഒളിന്പിക്സ് ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്‍പുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ആസൂത്രിതമായ ആക്രമണമാണു റെയിൽപാതകൾക്കു നേർക്കുണ്ടായത്. കുറ്റവാളികളെ പിടിക്കാനുള്ള ഊർജിതശ്രമം തുടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞു. ഫ്രഞ്ച് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകൾ (ടിജിവി) സഞ്ചരിക്കുന്ന മൂന്നു റൂട്ടുകളിലെ സിഗ്നൽ ബോക്സുകളും കേബിളുകളും വെള്ളിയാഴ്ച തീവച്ചു നശിപ്പിക്കുകയായിരുന്നു. റെയിൽ ശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുള്ള പ്രത്യകതരം ഫൈബർ ഒപ്റ്റിക് കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. നാലാമതൊരു റൂട്ടിലും അട്ടിമറിശ്രമം ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാർ പരാജയപ്പെടുത്തി. ആക്രമണത്തിനു നല്ല തയാറെടുപ്പും ഏകോപനവും ഉണ്ടായതായി ഫ്രഞ്ച് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടിജിവി ട്രെയിനുകൾ റദ്ദാക്കുകയോ വൈകുകയോ ഉണ്ടായി. ഇന്നലെ പത്തിൽ മൂന്നു ടിജിവി ട്രെയിനുകളും ഓടിയില്ല. പാരീസിനും ലണ്ടനുമിടയ്ക്ക് സർവീസ് നടത്തുന്ന യൂറോസ്റ്റാർ ട്രെയിൻ സർവീസും തടസപ്പെട്ടു. നാലിലൊന്നു സർവീസുകളും റദ്ദാക്കിയെന്നാണ് യൂറോസ്റ്റാർ അറിയിച്ചത്. ഫ്രാൻസിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇന്നലെയും ഒട്ടേറെ യാത്രക്കാർ കുടുങ്ങി.
പ്രതിസന്ധി മൂന്നു ദിവസംകൊണ്ട് എട്ടു ലക്ഷം പേരെ ബാധിക്കുമെന്നും വെള്ളിയാഴ്ച മാത്രം രണ്ടര ലക്ഷം പേരുടെ യാത്ര അവതാളത്തിലായെന്നും ഫ്രഞ്ച് റെയിൽ ഓപറ്റേറ്റായ എസ്എൻസിഎഫ് അറിയിച്ചു. ട്രാക്കുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനായി ഊർജിതശ്രമം തുടരുന്നു. റെയിൽവേ ജീവനക്കാർ വെള്ളിയാഴ്ച രാത്രി കനത്ത മഴയെ അവഗണിച്ച് അറ്റക്കുറ്റപ്പണികൾ നടത്തി. പിന്നിൽ ഇറാൻ: ഇസ്രയേൽ ടെൽ അവീവ്: ഫ്രാൻസിലെ റെയിൽപാതകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ. ഒളിന്പിക്സ് ഉദ്ഘാടനത്തിനു മുന്‍പുണ്ടായ അട്ടിമറി ആസൂത്രണം ചെയ്തതും നടപ്പാക്കിയും ഇറാൻ നേതൃത്വം നല്കുന്ന തിന്മയുടെ അച്ചുതണ്ടാണെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇസ്രേലി താരങ്ങൾക്കും മറ്റുള്ളവർക്കും നേർക്ക് ഭീകരാക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റീഫനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ആക്രമണങ്ങൾ പരാജയപ്പെടുത്താൻ കരുതൽ നടപടികൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. ഇതിനിടെ, പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇസ്രേലി സംഘത്തിന് ഇരുപത്തിനാലു മണിക്കൂർ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അധികസുരക്ഷയ്ക്കായി ആയുധമേന്തിയ സുരക്ഷാ ഭടന്മാരെ ഇസ്രയേലും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.
Source link