അഭിലാഷ്
തിരുവനന്തപുരം: ലക്ഷണങ്ങൾ പറഞ്ഞാൽ മതി. നിമിഷനേരം കൊണ്ട് രോഗം കണ്ടെത്തും. മരുന്നും തുടർചികിത്സയും നിർദ്ദേശിക്കും. സമാനമായ അസുഖങ്ങൾ വന്നവർക്ക് നൽകിയ ചികിത്സാഫയലുകൾ ഹാജരാക്കും. രോഗീപരിചരണം വേഗത്തിലും കൃത്യതയോടെയും നിർവഹിക്കാൻ സഹായിക്കുന്ന ഈ എ.ഐ ഡോക്ടറെ തൃശൂരിലെ രണ്ടു സ്വകാര്യആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് വിജയിച്ചു. തൃശൂർ ആസ്ഥാനമായ അംറാസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ‘ഡോക്ടർ അസിസ്റ്റന്റ്” എന്ന സോഫ്റ്റ്‌വെയർ രണ്ടുവർഷംകൊണ്ട് വികസിപ്പിച്ചത്.
സ്റ്റാർട്ടപ്പ് സി.ഇ.ഒ അഭിലാഷ് രഘുനന്ദൻ നാലുവർഷത്തോളം ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കുകയും ഡോക്ടർമാരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഡോക്ടർമാരും ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവരും ടീമിലുണ്ട്. ഭാവിയിൽ ഒ.പി ടിക്കറ്റുമായി സോഫ്റ്റ്‌വെയർ ബന്ധിപ്പിക്കും. അടുത്തമാസം 18ന് പൂനെയിൽ നടക്കുന്ന അഖിലേന്ത്യ ഡോക്ടേഴ്സ് കോൺഫെറൻസിൽ ഇതിന്റെ സോഫ്റ്റ്‌വെയർ അവതരിപ്പിക്കും. തൃശൂർ മണ്ണുത്തി സ്വദേശിയായ അഭിലാഷ് 2018ലാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. 2008ൽ കംപ്യൂട്ടർ സയൻസിൽ ബി-ടെക്ക് എടുത്തശേഷം വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിൽ പ്രവർത്തിച്ചു. അച്ഛൻ രഘുനന്ദൻ,അമ്മ ഇന്ദിര.
പ്രവർത്തനം ഇങ്ങനെ
ഡ്യൂട്ടി നഴ്സ് രോഗിയുടെ ലക്ഷണങ്ങൾ,രക്തസമ്മർദ്ദം,വയസ് തുടങ്ങിയ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ടൈപ്പ് ചെയ്യണം. ഡോക്ടർക്ക് ഈ വിവരങ്ങൾ ഓഡിയോ ആയി കേൾക്കുകയോ വായിക്കുകയോ ചെയ്യാം. രോഗിയെ പരിശോധിക്കുമ്പോൾ ശേഖരിക്കുന്ന അധികവിവരങ്ങൾ സോഫ്റ്റ്‌വെയറിൽ കൂട്ടിച്ചേർക്കാം. അതും ടൈപ്പ് ചെയ്യേണ്ട, പറഞ്ഞാൽ മതി. സോഫ്റ്റ്‌വെയർ തന്നെ രോഗവും മരുന്നുകളുടെ അളവും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തും.
രോഗനിർണയം കണിശം
ഡോക്ടർ വിട്ടുപോകുന്ന ചെറിയ വിവരങ്ങൾ പോലും ‘ഡോക്ടർ അസിസ്റ്റന്റ്’ ശ്രദ്ധിക്കും. ഇത് രോഗനിർണയം കൂടുതൽ കണിശമാക്കും. ഡോക്ടർമാരുടെ അദ്ധ്വാനഭാരം കുറയും. അലർജിയുള്ളവർക്ക് കൊടുക്കാൻ പാടില്ലാത്ത മരുന്നുകളും പാർശ്വഫലങ്ങളും പറയും. രോഗിയുടെ ഫയൽ സൂക്ഷിക്കും.
”ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഇത് പ്രാവർത്തികമാക്കാൻ സർക്കാരുമായി ചർച്ച നടത്താൻ ആഗ്രഹമുണ്ട്.
…’സ്റ്റാർട്ടപ്പ് സി.ഇ.ഒ അഭിലാഷ് രഘുനന്ദൻ
Source link