ഇതുപോലില്ല മലിന നഗരം, തലസ്ഥാനത്തെ വിരൽചൂണ്ടി ഹൈക്കോടതി

എല്ലാം സർക്കാരിന്റെ മൂക്കിനു താഴെ
കൊച്ചി: മാലിന്യം കുമിഞ്ഞുകൂടുന്ന കേരളത്തിന്റെ അവസ്ഥ അപമാനകരം. തലസ്ഥാന നഗരത്തിന്റെ സ്ഥിതി അതിദയനീയം. ലോകത്തൊരു നഗരവും ഇതുപോലുണ്ടാവില്ല. സർക്കാരിന്റെ മൂക്കിനുതാഴെയാണ് ഇതൊക്കെ. ഹൈക്കോടതിയുടേതാണ് രൂക്ഷ വിമർശനം.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങി ജോയി മരിച്ചതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പറഞ്ഞു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സമ്പന്നമല്ലാത്ത രാജ്യമായിട്ടും ശ്രീലങ്ക ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് ഉദ്യോഗസ്ഥർ അവിടം സന്ദർശിച്ച് മനസിലാക്കണം. അമിക്കസ്‌ക്യൂറിയുടെ നിർദ്ദേശങ്ങൾ പ്രധാനമാണ്. ഇതിലോരോന്നിലും സർക്കാർ എന്തുനടപടി സ്വീകരിച്ചെന്ന് കോടതി നിരീക്ഷിക്കും. ചർച്ചകളോ നിർദ്ദേശങ്ങളോ അല്ല, നടപടികളാണ് വേണ്ടത്.
സർക്കാരിന്റെ കർമ്മപരിപാടികൾ വിശദീകരിച്ച അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. അനധികൃതമായി മാലിന്യം നീക്കുന്നവർ തിരുവനന്തപുരത്തുണ്ടെന്ന് അഡീ. ചീഫ് സെക്രട്ടറി പറഞ്ഞു. വിലപിടിപ്പുള്ളവ വേർതിരിച്ചെടുക്കും. മാലിന്യം തോടുകളിലും മറ്റും ഉപേക്ഷിക്കും. ഇവർക്കെതിരെയും മാലിന്യം കൈമാറുന്നവർക്കെതിരെയും നടപടിയെടുക്കും.
തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള തോട്ടിലെയും മറ്റും മാലിന്യങ്ങളുടെ വീഡിയോ തുറന്നകോടതിയിൽ പ്രദർശിപ്പിച്ചു. സർക്കാർ വാഹനത്തിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നത് വീഡിയോയിലുണ്ടെന്ന് കോടതി പറഞ്ഞു.
ആമയിഴഞ്ചാൻ തോട്
മുഴുവൻ വൃത്തിയാക്കും
ആമയിഴഞ്ചാൻ തോട് പൂർണമായും വൃത്തിയാക്കാനുള്ള പദ്ധതി തയ്യാറാക്കിവരികയാണെന്ന് സർക്കാർ
റെയിൽവേയുടെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ യന്ത്രസഹായം വേണം
ആഗസ്റ്റ് അവസാനത്തോടെ റെയിൽവേയുടെ കീഴിലുള്ള കനാലുകളടക്കം ശുചീകരിക്കും
എപ്പോൾ നടക്കുമെന്ന്
കോടതി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ എപ്പോൾ നടപ്പാകുമെന്ന് കോടതി ആരാഞ്ഞു
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും വാഹനങ്ങൾക്കെതിരെയും നടപടിവേണം
വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ട്രെയിനുകളിൽ നിന്ന് ട്രാക്കിലേക്കടക്കം തള്ളുന്നുണ്ട്
ചോദ്യങ്ങൾ
1. മാലിന്യനിക്ഷേപം എങ്ങനെ തടയും, നീക്കംചെയ്യും, ഇതിനുള്ള കർമ്മപരിപാടികൾ?
2. മാലിന്യങ്ങൾ ഏതെല്ലാം മാർഗങ്ങളിലൂടെയാണ് ആമയിഴഞ്ചാൻ തോട്ടിലെത്തുന്നത്?
നിർദ്ദേശം
ആരാണ് കാരണക്കാരെന്ന് കണ്ടെത്തി നടപടിയെടുക്കണം. പതിവായി ശുചീകരണം നടത്തണം. പരസ്പരം പഴിചാരാതെ ശുചീകരണം ഏകോപിപ്പിക്കണം
Source link