ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ചെയർമാൻ മനോജ് സോണി രാജിവച്ചു. ‘വ്യക്തിപരമായ കാരണങ്ങളാൽ’ രാജിവച്ചെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
2017ലാണ് മനോജ് സോണി യു പി എസ് സി അംഗമായത്. 2023 മെയ് 16ന് കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു. അതിനുമുമ്പ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പാണ് മനോജ് സോണി രാജിക്കത്ത് സമർപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സോണിക്ക് 2029 വരെ കാലാവധിയുണ്ട്.
ഐ എ എസ് ഓഫീസർ പൂജ ഖേദ്‌കറുമായി ബന്ധപ്പെട്ട വിവാദവും സോണിയുടെ രാജിയും തമ്മിൽ ബന്ധമില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ പരീക്ഷയെഴുതിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പൂജയുടെ ഐ എ എസ് റദ്ദാക്കും. ഇതിനുമുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഭാവിയിൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഡീബാർ ചെയ്‌തു. യു പി എസ് സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വന്തം പേരും മാതാപിതാക്കളുടെ പേരും, ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വിലാസം എന്നിവയിൽ മാറ്റം വരുത്തി അനുവദനീയമായ തവണയിൽ കൂടുതൽ പരീക്ഷ എഴുതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
Source link