വാട്ടർ അതോറിട്ടി സ്വകാര്യവത്കരിക്കില്ല: മന്ത്രി

ആലുവ: വാട്ടർ അതോറിട്ടിയിൽ സ്വകാര്യവത്കരണം നടത്തില്ലെന്ന് ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാട്ടർ അതോറിട്ടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല. വാട്ടർ അതോറിട്ടിയെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കും. ഇതിലൂടെ അധികവരുമാനം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷനായി. കൊച്ചി മേയർ എം. അനിൽകുമാർ,വാട്ടർ അതോറിട്ടി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്,ആർ. സുഭാഷ് തുടങ്ങിവർ സംസാരിച്ചു.
ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി ദീപ കെ. രാജൻ എന്നിവർ പങ്കെടുക്കും.
വാട്ടർ അതോറിട്ടിയിൽ
പെൻഷൻ പരിഷ്കരിച്ചു
# കുറഞ്ഞ തുക 11,500,
കൂടിയത്83,400 രൂപ
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ പെൻഷൻ പരിഷ്കരണം 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി ഉത്തരവിറങ്ങി.
കുറഞ്ഞ പെൻഷൻ 11,500 രൂപയായിരിക്കും. കൂടിയ പെൻഷൻ 83,400 രൂപയാണ്. കൂടിയ കുടുംബ പെൻഷൻ 55,040 രൂപയായിരിക്കും. ശമ്പളത്തിന്റെ 50 ശതമാനമാണ് പെൻഷൻ.
കുടുംബ പെൻഷൻ മുപ്പത് ശതമാനമാണ്.
2013 ഏപ്രിൽ ഒന്നിനു മുൻപ് സർവീസിൽ പ്രവേശിച്ച് വിരമിച്ചവർക്ക് മാത്രമാണ് ഉത്തരവ് ബാധകം.
ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി പരമാവധി 17 ലക്ഷം രൂപയായിരിക്കും. ക്ഷാമബത്ത നിരക്കിന് അനുസൃതമായി ക്ഷാമാശ്വാസം അനുവദിക്കും. 2021 ഏപ്രിൽ ഒന്നു വരെയുള്ള ക്ഷാമാശ്വാസം സംബന്ധിച്ച് തീരുമാനമില്ല.
മെഡിക്കൽ അലവൻസ് 500 രൂപയും 80 വയസ് തികഞ്ഞ വർക്കുള്ള സ്പെഷ്യൽ കെയർ അലവൻസ് 1000 രൂപയായും തീരുമാനിച്ചു. പെൻഷൻ പരിഷ്ക്കരണം മൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിറ്റിയുടെ തനത് ഫണ്ടിൽ നിന്നു വഹിക്കണം. സർക്കാരിന് ബാദ്ധ്യതയുണ്ടാകില്ലെന്ന് ഉത്തരവിലുണ്ട്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2021 ഫെബ്രുവരി മുതൽ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നെങ്കിലും വാട്ടർ അതോറിട്ടിയിൽ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല.
വാട്ടർ അതോറിട്ടി പെൻഷൻകാരുടെ കൂട്ടായ്മ 115 ദിവസം ജല അതോറിട്ടി ആസ്ഥാനത്തിന് മുമ്പിൽ റിലേ നിരാഹാര സത്യഗ്രഹം നടത്തി. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം താത്കാലികമായി നിറുത്തിയിരുന്നെങ്കിലും നടപ്പാകാതിരുന്നതോടെ ഒരാഴ്ച മുൻപ് വീണ്ടും സമരം തുടങ്ങിയിരുന്നു. 9,800 പെൻഷൻകാരുണ്ട്.
ട്രോളിംഗ് നിരോധനം 31ന് അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം 31ന് അവസാനിക്കും.ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ വകുപ്പ് ഉത്തരവിട്ട ചെറുമീനുകളെ പിടികൂടുന്നത് കർശനമായി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
Source link