പാരാകെ പടരാൻ പാരീസ്, പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ നാളെ

ഫുട്ബാൾ പ്രാഥമിക മത്സരങ്ങൾക്ക് തുടക്കമായി
പാരീസ് : ഒരുമയുടെയും കായികവീര്യത്തിന്റെയും സന്ദേശം പകരുന്ന ഒളിമ്പിക്സ് കായികമഹാമഹത്തിന്റെ 33-ാം പതിപ്പിന് നാളെ പാരീസിൽ കൊടിയേറ്റം.
ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാരീസ് ഒളിമ്പിക്സിന് വേദിയൊരുക്കുന്നത്. ഇതോടെ ലണ്ടന് ശേഷം മൂന്ന് ഒളിമ്പിക്സുകൾക്ക് വേദിയാകുന്ന ആദ്യ നഗരം എന്ന ഖ്യാതിയും ഫ്രഞ്ച് തലസ്ഥാന നഗരത്തിന് സ്വന്തമാകും. 1900,1924 ഒളിമ്പിക്സുകളാണ് ഇതിന്മുമ്പ് ഇവിടെ നടന്നിട്ടുള്ളത്.
ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ നാളെയാണെങ്കിലും ഫുട്ബാളിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. അർജന്റീനയും മൊറോക്കോയും തമ്മിലായിരുന്നു ആദ്യ മത്സരം. അമ്പെയ്ത്തിലെ റാങ്കിംഗ് റൗണ്ട് മത്സരങ്ങൾക്കായി ഇന്ത്യൻ പുരുഷ വനിതാ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും.
പ്രധാന സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങ് നടത്തുന്ന പതിവിൽ നിന്ന് വ്യതിചലിച്ച് സ്റ്റേഡിയത്തിനു പുറത്തുവച്ച് നടത്തുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് പാരീസ് ഒളിമ്പിക്സിന്റെ പ്രധാന ആകർഷണം. ആറുകിലോമീറ്റർ ദൂരം സെൻ നദിയിലൂടെ 85 ബോട്ടുകളിലും ബാർജുകളിലുമായി കായിക താരങ്ങളെ മാർച്ച് പാസ്റ്റ് ചെയ്യിച്ച് നദിക്കരയിലെ താത്കാലിക വേദിയിൽ എത്തിക്കാനും, അവിടെവച്ച് ദീപം തെളിക്കൽ ഉൾപ്പടെയുള്ള ഉദ്ഘാടനപരിപാടികൾ നടത്താനുമാണ് സംഘാടകരുടെ പദ്ധതി. വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി സിന്ധുവുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.
117 ഇന്ത്യൻ താരങ്ങൾ
69 കായിക ഇനങ്ങളിലായി 117 കായികതാരങ്ങളാണ് ഇന്ത്യൻ കുപ്പായത്തിൽ പാരീസിൽ മത്സരിക്കുന്നത്. 10 മെഡലുകൾ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടി ചരിത്രം കുറിച്ച ജാവലിൻ ത്രോ താരം നീരജ് ചോപ്ര, വനിതാ വെയ്റ്റ് ലിഫ്ടിംഗ് താരം മീരഭായ് ചാനു. ബോക്സിംഗ് താരം നിഖാത്ത് സരിൻ, ഷൂട്ടിംഗ് താരങ്ങളായ മനു ഭാക്കർ, സിഫ്റ്റ് കൗർ സമ്ര തുടങ്ങിയ പ്രമുഖർ പോരാട്ടത്തിനിറങ്ങും. അവസാന ഒളിമ്പിക്സിനിറങ്ങുന്ന ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ്, ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്, അത്‌ലറ്റിക്സ് താരങ്ങളായ മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബേക്കർ, മിജോ കുര്യൻഎന്നിവരാണ് മലയാളി പ്രതീക്ഷകൾ.
10714
കായിക താരങ്ങളാണ് 329 മെഡലുകൾക്കായി പാരീസിൽ മത്സരിക്കുന്നത്.
Source link