പാരീസ് മിഠായി, ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് ഇ ന്ത്യൻ സമയം ഇന്ന് രാത്രി 11 മുതൽ
പാരീസ് : ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ പാരീസിൽ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിന്റെ അലയൊലികൾ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം.
ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയിൽ, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്മയം തീർക്കുന്നത്. സെൻ നദിയിൽ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച് പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങൾ നീങ്ങും.
നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്പിക് ദീപം തെളിക്കൽ ഉൾപ്പെടെയുള്ള ഉദ്ഘാടന പരിപാടികൾ. ഫുട്ബാൾ മത്സരങ്ങൾ ബുധനാഴ്ച ആരംഭിച്ചിരുന്നു.
1900,1924 വർഷങ്ങളിലാണ് മുമ്പ് പാരീസിൽ ഒളിമ്പിക്സ് നടന്നത്.
വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി. സിന്ധുവുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.
മലയാളി @ 100
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ സി.കെ. ലക്ഷ്മണൻ 1924ലെ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കാൻ ഇറങ്ങിയതിന്റെ നൂറാം വാർഷികമാണിത്. ഹർഡിൽസിലാണ് കണ്ണൂർ സ്വദേശിയായ ലക്ഷ്മണൻ മത്സരിച്ചത്.
ലൈവ്
രാത്രി 11 മുതൽ ജിയോ സിനിമയിൽ
പത്തിൽ
എത്തണം
പാരീസിൽ
ടോക്യോ ഒളിമ്പിക്സിൽ ഒരു
സ്വർണമടക്കം ഏഴ് മെഡലുകൾ നേടിയ ഇന്ത്യ പാരീസിൽ ലക്ഷ്യമിടുന്നത്
10 മെഡലുകൾ
നീരജ് ചോപ്ര
ജാവലിൻ ത്രോ
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ നീരജാണ്. ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയ നീരജ് 2023ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും സ്വർണം നേടി. 88.88 മീറ്ററാണ് ഹ്വാംഗ്ചോയിൽ എറിഞ്ഞത്.
സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി
ബാഡ്മിന്റൺ
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ സ്വർണവും ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനവും നേടിയ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിൽ നിന്ന് ഇന്ത്യ ഒളിമ്പിക്സിൽ ഒരു മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം റാങ്കിലെത്തിയ ആദ്യ ഇന്ത്യൻ സഖ്യമാണിവർ.
സിഫ്ത് കൗർ സംറ
ഷൂട്ടിംഗ്
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വ്യക്തിഗത ഇനത്തിൽ സ്വർണവും ടീമിനത്തിൽ വെള്ളിയും നേടിയ സിഫ്ത് ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇക്കുറി മെഡൽ നേടാൻ സാദ്ധ്യതയേറെയാണ്.
മീരാഭായ് ചാനു
വെയ്റ്റ്ലിഫ്ടിംഗ്
ടോക്യോയിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന ചാനു ഒളിമ്പിക്സിനായി ഏറെ കരുതലോടെയാണ് പരിശീലിക്കുന്നത്. സ്നാച്ചിൽ 90 കിലോ ഉയർത്തുക എന്ന ലക്ഷ്യമാണ് ചാനുവിനുള്ളത്.
വിനേഷ് ഫോഗാട്ട്
ഗുസ്തി
ഗുസ്തി ഫെഡറേഷനെതിരായ തെരുവു സമരത്തിനും ഉപ്പൂറ്റിക്കേറ്റ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്കും ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ വിനേഷ് കഠിന പരിശ്രമത്തിനൊടുവിലാണ് ഒളിമ്പിക് ബർത്ത് നേടിയെടുത്തത്. 50 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
നിഖാത് സരിൻ
ബോക്സിംഗ്
ആദ്യ ഒളിമ്പിക്സാണ്. രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത്ത് എലോർദ കപ്പിൽ സ്വർണം നേടി തികഞ്ഞ ആത്മ വിശ്വാസത്തിലാണ് .
ലവ്ലിന
ബോർഗോ ഹെയ്ൻ
ബോക്സിംഗ്
ടോക്യോയിൽ നേടിയ വെങ്കലമെഡൽ ഉയർത്താനുള്ള ശ്രമത്തിലാണ് ലവ്ലിന. ചെക് റിപ്പബ്ളിക്കിൽ നടന്ന ഗ്രാൻപ്രീ ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയിരുന്നു .
പി.വി സിന്ധു
ബാഡ്മിന്റൺ
റിയോയിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും നേടിയ സിന്ധുവിന് ഒളിമ്പിക് സ്വർണം നേടാനുള്ള അവസാന അവസരമാകും പാരീസ് .
അതിഥി അശോക്
ഗോൾഫ്
കഴിഞ്ഞ ഒളിമ്പിക്സിൽ ആദ്യ ദിവസങ്ങളിൽ ലീഡ് ചെയ്തിരുന്ന അതിഥി അവസാന ഘട്ടത്തിലാണ് നാലാം സ്ഥാനത്തായി പോയത്.
പുരുഷ
ഹോക്കി ടീം
നിലവിലെ വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യ പാരീസിൽ പ്രാഥമിക റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം,കരുത്തരായ ഓസ്ട്രേലിയ, അർജന്റീന,ന്യൂസിലാൻഡ്,അയർലാൻഡ് എന്നിവർക്കൊപ്പം പൂൾ ബിയിലാണ് മത്സരിക്കുക.
Source link