ഊണ് പാഴ്‌സൽ വാങ്ങിയപ്പോൾ അച്ചാറില്ല, യുവാവിന് നഷ്‌ടപരിഹാരമായി ലഭിച്ചത് 35000 രൂപ
വില്ലുപുരം: കഴിക്കാനായി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ അതിൽ എല്ലാ കറികളും ഉണ്ടോയെന്ന് പരിശോധിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ, പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാർ വയ്‌ക്കാത്തതിന് 35,000 രൂപയാണ് ഹോട്ടലുടമ ഉപഭോക്താവിന് പിഴ നൽകേണ്ടി വന്നത്. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.
2022 നവംബർ 28നായിരുന്നു സംഭവം. ബന്ധുവിന്റെ ചരമ വാർഷിക ദിനത്തിൽ വയോജന മന്ദിരത്തിൽ നൽകാനാണ് ഊണുപൊതികൾ ആരോഗ്യസ്വാമി പാഴ്‌സലായി വാങ്ങാൻ തീരുമാനിച്ചത്. അതിനായി വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തി ഊണിന്റെ വില ചോദിച്ചു. ഊണിന് 70 രൂപ പാഴ്‌സലിന് 80 രൂപ എന്നാണ് ഹോട്ടലുടമ അറിയിച്ചത്. 11 ഇനം വിഭവങ്ങൾ പാഴ്‌സലിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഇതുപ്രകാരം 25 ഊണുപൊതികൾ ഓർഡർ ചെയ്‌തു. അഡ്വാൻസായി 2000 രൂപ നൽകുകയും ചെയ്‌തു.
പിറ്റേദിവസം, പാഴ്‌സൽ വാങ്ങി. ബില്ല് ആവശ്യപ്പെട്ടപ്പോൾ കടലാസിൽ എഴുതിയാണ് കടയുടമ നൽകിയത്. വയോജന മന്ദിരത്തിലെത്തി പാഴ്‌സൽ വിതരണം ചെയ്‌തപ്പോഴാണ് അച്ചാറില്ലെന്ന വിവരം അറിഞ്ഞത്. ഉടൻതന്നെ ആരോഗ്യസ്വാമി ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. പാഴ്‌സലിൽ നിന്ന് അച്ചാർ ഒഴിവാക്കി എന്നായിരുന്നു ഹോട്ടലുടമയുടെ വിശദീകരണം. 25 പൊതികളിലെ അച്ചാറിന്റെ വിലയായ 25 രൂപ തിരികെ നൽകണമെന്ന് ആരോഗ്യസ്വാമി ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുടമ നൽകാൻ തയ്യാറായില്ല. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെയാണ് ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിയിൽ പരാതി നൽകിയത്.
പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാർ നൽകാത്തത് ഹോട്ടലിന്റെ സോവനത്തിലെ പോരായ്‌മയാണെന്ന് കേസ് പരിഗണിച്ച ചെയർമാൻ സതീഷ് കുമാർ, അംഗങ്ങളായ മീരാ മൊയ്‌തീൻ, അമല എന്നിവർ നിരീക്ഷിച്ചു. ഇതിന്റെ നഷ്‌ടപരിഹാരമായി 30,000 രൂപയും വ്യവഹാരച്ചെലവിന് 5,000 രൂപയും അച്ചാറിന് 25രൂപയും നഷ്‌ടപരിഹാരം നൽകാനും ഇവർ ഹോട്ടലുടമയോട് ഉത്തരവിട്ടു.
45 ദിവസമാണ് നഷ്‌ടപരിഹാരത്തുക നൽകാൻ ഹോട്ടലുടമയ്‌ക്ക് സമയം അനുവദിച്ചത്. ഇത് നൽകിയില്ലെങ്കിൽ പ്രതിമാസം ഒമ്പത് ശതമാനം പലിശ നിരക്കിൽ അധിക പിഴ ഈടാക്കുമെന്നും ജില്ലാ ഉപഭോക്തൃ പരാതി സമിതി മുന്നറിയിപ്പ് നൽകി. ആരോഗ്യസ്വാമിയെ ഓൾ കൺസ്യൂമേഴ്‌സ് പബ്ലിക് എൻവയോൺമെന്റൽ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്‌തു.
Source link