അഞ്ചൽ രാമഭദ്രൻ വധം : 14 സി.പി.എം പ്രവർത്തകർ കുറ്റക്കാർ ശിക്ഷാ വിധി 30ന്
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 14 സി. പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. ശിക്ഷ 30ന് വിധിക്കും. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.എസ്. രാജീവാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലു പ്രതികളെ കോടതി വെറുതെവിട്ടു.
ഏരൂർ കോണത്ത് ജംഗ്ഷൻ സീന ഭവനിൽ ഗിരീഷ് കുമാർ, പള്ളികിഴക്കതിൽ പുത്തൻവീട്ടിൽ അഫ്സൽ, ഭാരതീപുരം കുഞ്ഞുവയൽ റജീന മൻസിലിൽ നജുമൽ, ഭാരതീപുരം ബിജുഭവനിൽ ഷിബു, അയത്തിൽ സ്‌നേഹ നഗർ കാവുങ്കൽ സ്വദേശി വിമൽ, നെട്ടയം വരിക്കോലിൽ സുധീഷ് ഭവനിൽ സുധീഷ്, ഭാരതീപുരം 11-ാം മൈൽ കല്ലുംപുറത്ത് വീട്ടിൽ ഷാൻ, അഞ്ചൽ വിളക്കുപാറ രതീഷ്ഭവനിൽ രതീഷ്, അകന്നൂർ ചരുവിള പുത്തൻ വീട്ടിൽ ബിജു, പട്ടത്താനം കാവുതറ പടിഞ്ഞാറ്റിൽ രഞ്ജിത്, നെട്ടയം പാലോട്ടുകോണം ചരുവിളപുത്തൻ വീട്ടിൽ കൊച്ചുണ്ണി എന്ന സലിൽ, അരകന്നൂർ മേലെകുരന്ത്ര സ്വദേശി മുനീർ എന്ന റിയാസ്, പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരൂർ ശ്രീനിവാസിൽ സുമൻ, മുൻ ഏരിയാ സെക്രട്ടറിയും അഞ്ചൽ സ്വദേശിയുമായ ബാബു പണിക്കർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജമോഹൻ, റിയാസ് മാർക്സൺ, റോയിക്കുട്ടി എന്നിവരെ കോടതി വെറുതെ വിട്ടു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് സുമനെയും ബാബു പണിക്കരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. സുമൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.
2010 ഏപ്രിൽ 10ന് രാത്രി ഒൻപതിനാണ് രാമഭദ്രനെ പ്രതികൾ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. രാമഭദ്രൻ സി.പി.എമ്മി നിന്ന് പ്രവർത്തകരെ കോൺഗ്രസിലേക്ക് എത്തിക്കുന്നതിലെ വിരോധമാണ് കൊലപാതകത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഏപ്രിൽ നാലിന് നെട്ടയത്ത് നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഗിരീഷ് കുമാർ ആക്രമിക്കപ്പട്ടതും കൊലപാതകത്തിലേക്ക് നയിച്ചു. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടർ ഷാ ദാസ് ഹാജരായി. വിധി കേൾക്കാൻ രാമഭദ്രന്റെ ഭാര്യ ബിന്ദു, മക്കളായ ആതിര, ആര്യ എന്നിവർ എത്തിയിരുന്നു.
Source link