33-ാം ഒളിന്പിക്സിന് ഇന്ന് പാരീസില്‍ തുടക്കം

പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര പ്രകാശത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം. 33-ാം ഒളിന്പിക്സിന് പാരീസിന്റെ ഹൃദയത്തുടിപ്പായ സെയ്ൻ നദിയിൽ ഉദ്ഘാടനം. നാലു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ഒളിന്പിക്സിന്റെ മാസ്മരികതയിലേക്ക് ലോകം ഇന്നു മുതൽ ലയിക്കും. ചരിത്രത്തിൽ ആദ്യമായി തുറന്നവേദിയിൽ ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങ് എന്ന പ്രത്യേകതയോടെയാണ് പാരീസ് ഒളിന്പിക്സ് മിഴിതുറക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11 മുതൽ സെയ്ൻ നദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. നൂറോളം ബോട്ടുകളിലായി പതിനായിരത്തിലധികം കായിക താരങ്ങൾ സെയ്ൻ നദിയിലൂടെ ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. യേന പാലത്തിലാണ് പരേഡിന്റെ അവസാനം. ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്നതാകും പരേഡ്. ലോകത്തിന് അത്യപൂർവ കാഴ്ചയാകും പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങെന്നു ചുരുക്കം. സെയ്ൻ നദിയിലൂടെ ആറു കിലോമീറ്റർ നൂറോളം ബോട്ടുകളുടെ പ്രയാണമാണ് ഉദ്ഘാടനത്തിന്റെ ഹൈലൈറ്റ്. പ്രാദേശിക സമയം രാത്രി 7.30ന് ചടങ്ങ് ആരംഭിക്കും. 1924 പാരീസ് ഒളിന്പിക്സിന്റെ നൂറാം വാർഷികമെന്ന നിലയിലാണ് ഫ്രാൻസ് ലോകകായിക മാമാങ്കം ഇത്തവണ ആഘോഷിക്കുന്നത്.
ഒളിന്പിക്സിനു മൂന്നു തവണ വേദിയാകുന്ന രണ്ടാമത്തെ നഗരമാണ് പാരീസ്. ലണ്ടനാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. 1900ൽ പാരീസ് ആദ്യമായി ഒളിന്പിക്സിനു വേദിയായി. ഇന്ത്യയുടെ കന്നി ഒളിന്പിക്സും 1900 ആയിരുന്നു. ലേഡി ഗാഗ, സെലിൻ ഡിയോണ്‍ ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ കലാസംവിധാനം തോമസ് ജോളിയാണ്. ലോകശ്രദ്ധയാകർഷിച്ച കലാകാരന്മാർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ലേഡി ഗാഗ, സെലിൻ ഡിയോണ്‍, ഫ്രഞ്ച് ഗായിക അയ നാകാമുറ തുടങ്ങിയവർ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് ലോകത്തെ കൂട്ടിക്കൊണ്ടുപോകും. ഫ്രാൻസിന്റെ സംഗീത പാരന്പര്യം വ്യക്തമാക്കുന്നതായിരിക്കും ഉദ്ഘാടന ചടങ്ങ്. ഫ്രഞ്ച് പിയാനിസ്റ്റ് സോഫിയാൻ പാമാർട്ട്, ഗായിക ജൂലിയറ്റ് അർമനെറ്റ്, നടൻ ഫിലിപ്പ് കാറ്റെറിൻ തുടങ്ങിയ ഒരു വൻനിരതന്നെ ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകാനെത്തും.
Source link