വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനാധിപത്യത്തെ രക്ഷിക്കാനാണു സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയതെന്ന് പ്രസിഡന്റ് ജോ ബൈഡൻ. വീണ്ടും മത്സരിക്കാനുള്ള യോഗ്യതയുണ്ടെങ്കിലും ജനാധിപത്യത്തെ രക്ഷിക്കേണ്ട സാഹചര്യത്തിൽ വ്യക്തിഗത താത്പര്യങ്ങൾക്കു പ്രസക്തിയില്ലെന്നു ടിവിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ബൈഡൻ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഉപേക്ഷിക്കുകയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിക്കുകയും ചെയ്തശേഷം ബൈഡൻ ആദ്യമായി നടത്തുന്ന പ്രസംഗമാണിത്. രാജ്യത്തെയും ഡെമോക്രാറ്റിക് പാർട്ടിയെയും ഒന്നിപ്പിക്കാനാണു കമല ഹാരിസിനെ പിന്തുണച്ചത്. പ്രസിഡന്റ് പദവിയോട് ആദരവുണ്ട്. പക്ഷേ, രാജ്യത്തോടാണു കൂടുതൽ സ്നേഹം. രാജാക്കന്മാരും ഏകാധിപതികളുമല്ല, ജനങ്ങളാണ് അമേരിക്ക ഭരിക്കുന്നത്. ജനങ്ങളുടെ കൈകളിലാണ് അധികാരം- ബൈഡൻ കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ബൈഡനൊപ്പം പത്നി ജിൽ, മകൻ ഹണ്ടർ, മകൾ ആഷ്ലി എന്നിവരും ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഇതിനിടെ, കമല ഹാരിസ് സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുമെന്നുറപ്പായി. എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ കമലയ്ക്കു ജനപ്രീതി വർധിച്ചതായി അഭിപ്രായ സർവേകളിൽ വ്യക്തമായിട്ടുണ്ട്. നോർത്ത് കരോളൈനയിലെ പ്രചാരണ പരിപാടിയിൽ പ്രസംഗിച്ച ട്രംപ്, കമലയ്ക്കെതിരേ ശക്തമായ ആക്രമണം നടത്തി. ബൈഡൻ ഭരണകൂടത്തിലെ ഓരോ ദുരന്തത്തിനു പിന്നിലും കമലയായിരുന്നു, ഇടതുപക്ഷഭ്രാന്തിയാണ്, അവർ പ്രസിഡന്റായാൽ രാജ്യം നശിപ്പിക്കും എന്നൊക്കെ ട്രംപ് പറഞ്ഞു.
Source link