വേദികളിൽ ടൂറിസം
ആൽവിൻ ടോം കല്ലുപുര പാരീസ് ഒളിന്പിക്സിൽ പരന്പരാഗത സ്റ്റേഡിയങ്ങൾക്കും അരീനകൾക്കും പുറമേ ഫ്രഞ്ച് പൈതൃക കേന്ദ്രങ്ങളിൽവച്ചും ഒളിന്പിക് മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. ഒളിന്പിക്സിൽ ഫ്രാൻസിന്റെ ഒരു പ്രധാന ലക്ഷ്യമാണ് ലോകത്തിനു മുന്പിൽ ടൂറിസം വളർച്ച നേടുക എന്നത്. സ്ഥിരം സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് താത്കാലിക വേദികൾ നിർമിച്ചതിലൂടെ ചെലവുചുരുക്കാനും സാധിച്ചു. ഒളിന്പിക്സ് മുന്‍പു നടത്തിയ പല നഗരങ്ങൾക്കും സാന്പത്തികബുദ്ധിമുട്ടും തകർച്ചയും സംഭവിച്ചിട്ടുണ്ട്. ഇതിനുദാഹരണമാണ് ഏഥൻസ് 2004 ഒളിന്പിക്സിനുശേഷം ഗ്രീസിന് ഗുരുതരമായ സാന്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നത്. റിയൊ 2016നുശേഷം ബ്രസീലിലും സ്ഥിതി വ്യത്യസ്തമല്ല. ഒളിന്പിക്സ് ആതിഥേയത്വത്തിലൂടെ എങ്ങനെ സ്വയം പ്രയോജനം നേടാമെന്ന ചിന്തയിൽനിന്നാണ് പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹോട്സ്പോട്ടുകളിൽ തന്നെ താത്കാലിക സ്റ്റേഡിയം എന്ന ആശയം വന്നത്. ഈഫൽ ടവർ സ്റ്റേഡിയം ഈഫൽ ടവറിന്റെ മുന്പിൽ സ്ഥിതിചെയ്യുന്ന മാഴ്സ് മൈതാനിയിൽവച്ചാണ് ബീച്ച് വോളീബോൾ നടക്കുന്നത്. ഈഫൽ ടവറിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു എന്നതിനാൽ സ്റ്റേഡിയത്തിൽനിന്നുള്ള കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നതായിരിക്കും. എസ്പ്ലനേഡ് ദെ ഇൻവാലിഡ് പാരീസിന്റെ ഏഴാമത്തെ ജില്ലയിൽ 1687-ൽ ലൂയി പതിനാലാമന്റെ ഭരണകാലത്താണ് ഇൻവാലിഡ് ഒരു സൈനിക ആശുപത്രിയായും യുദ്ധവീരന്മാർക്കുള്ള വിരമിക്കൽ ഭവനമായും നിർമിച്ചത്. ഇന്ന്, ഈ ലോകപ്രശസ്ത കെട്ടിടത്തിൽ ഫ്രഞ്ച് സൈനിക ചരിത്ര മ്യൂസിയങ്ങളും സ്മാരകങ്ങളും ഫ്രഞ്ച് ആർമി കത്തീഡ്രലും നെപ്പോളിയൻ ബോണപാർട്ടിന്റെ ശവകുടീരവുമുണ്ട്. മനോഹരമായ അലക്സാണ്ടർ മൂന്നാമൻ പാലം ഈ വേദിയെ വലതുകരയിലുള്ള ഗ്രാൻഡ് പാലസുമായി ബന്ധിപ്പിക്കുന്നു. അന്പെയ്ത്ത്, പാരാ അന്പെയ്ത്ത് ഇവന്റുകൾക്കുള്ള വേദിയാണിത്. ഗ്രാൻഡ് പാലസ് 1900ൽ പാരീസിൽവച്ച് നടന്ന യൂണിവേഴ്സൽ എക്സ്പോയ്ക്കുവേണ്ടി പണികഴിപ്പിച്ച ഗ്രാൻഡ് പാലസ് അതിന്റെ ഗംഭീരമായ ചില്ലു മേൽക്കൂരയ്ക്ക് പേരുകേട്ടതാണ്. കഴിഞ്ഞ ഏതാനം വർഷങ്ങളായി അറ്റകുറ്റപ്പണികളിലായിരുന്ന ഗ്രാൻഡ് പാലസ് പാരീസ് 2024 ഒളിന്പിസിലെ ഫെൻസിംഗ്, തായ്ക്വാണ്ടോ മത്സരങ്ങൾക്കു വേദിയാകും.
പാരീസ് സിറ്റി ഹാൾ സെയ്ൻ നദീതീരത്തെ മറ്റൊരു ഗംഭീര നിർമിതിയാണ് പാരീസിന്റെ സിറ്റി ഹാളും അതിന്റെ ചത്വരവും. പാരീസ് മേയറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് മാരത്തണ്‍ മത്സരങ്ങൾ ആരംഭിക്കും. കോണ്‍കോർഡ് ചത്വരം പാരീസിന്റെ എട്ടാമത്തെ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ചത്വരമാണ് കോണ്‍കോർഡ്. ലൂയി പതിനാറാമൻ രാജാവിനെയും മരിയ അന്റോവനെറ്റ് രാജ്ഞിയെയും ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്തു ഗില്ലറ്റിൻ ഉപയോഗിച്ച് വധിച്ചത് ഇവിടെവച്ചാണ്. മനോഹരമായ ഫൗണ്ടനുകളും പ്രതിമകളും, ഈജിപ്തിൽനിന്ന് കൊണ്ടുവന്ന ലക്സോർ ഒബലിസ്കും ഇവിടെ സ്ഥിതിചെയ്യുന്നു. ബാസ്കറ്റ്ബോൾ, ബ്രേക്ക്ഡാൻസ്, സൈക്ലിംഗ് ഫ്രീസ്റ്റൈൽ, സ്കേറ്റ്ബോർഡിംഗ് എന്നീ മത്സരങ്ങൾ ഇവിടെ നടക്കും. അലക്സാണ്ടർ മൂന്നാമൻ സെയ്ൻ നദിക്ക് കുറുകേ പാരീസിന്റെ ഏഴാമത്തെയും എട്ടാമത്തെയും ജില്ലകളെ ബന്ധിപ്പിക്കുന്ന കലയുടെ ഒരു മാസ്റ്റർപീസാണ് അലക്സാണ്ടർ മൂന്നാമൻ പാലം. 1900ലെ യൂണിവേഴ്സൽ എക്സ്പോയ്ക്കുവേണ്ടി ഉദ്ഘാടനം ചെയ്തപാലം റഷ്യൻ ചക്രവർത്തി ആയ അലക്സാണ്ടർ മൂന്നാമന്റെ പേരിലാണ് അറിയപ്പെടുന്നത്. സൈക്ലിംഗ്, ട്രയാത്തലണ്‍, നീന്തൽ മാരത്തണ്‍ എന്നിവ ഈ പാലത്തിന്റെ സമീപത്തുവച്ചായിരിക്കും നടത്തപ്പെടുക. ഉദ്ഘാടന പരേഡ് ഈ പാലത്തിന്റെ അടിയിലൂടെ കടന്നുപോകും. വെഴ്സായ് കൊട്ടാരം പാരീസിന് പടിഞ്ഞാറായി ഏകദേശം 20 കിലോമീറ്റർ അകലെയാണ് ലോകപ്രശസ്തമായ വെഴ്സായ് കൊട്ടാരം. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസിന്റെ രാജാവ് ലൂയി പതിനാലാമന്റെ ഭരണകാലത്ത് നിർമിച്ച ഈ കൊട്ടാരം, ഫ്രാൻസിന്റെ സാംസ്കാര പ്രതീകമാണ്. ഫ്രാൻസിലെ നാൽപതിനായിരത്തോളം കൊട്ടാരങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് വെഴ്സായ്. 1919ൽ ഒന്നാം ലോക യുദ്ധത്തിന്റെ സമാപനത്തിൽ ട്രീറ്റി ഓഫ് വെഴ്സായി അഥവാ വെഴ്സായ് കരാർ ഈ കൊട്ടാരത്തിൽവച്ചാണ് ഒപ്പുവച്ചത്. ഒളിന്പിക്സിൽ ഇക്വസ്ട്രെയിൻ, മോഡേണ്‍ പെന്റാത്തലണ്‍ മത്സരങ്ങൾക്ക് ഈ കൊട്ടാരം വേദിയാകും.
Source link