KERALAMLATEST NEWS

കർണാടകയ്‌ക്കെതിരായ വികാരം ഉണ്ടാക്കരുത്; കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ടെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇനിയും ആളുകളെ കിട്ടാനുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഏറ്റവുമൊടുവിൽ 2018ലുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ടെന്ന് മറന്നുപോയോ?​ അവിടെ അഗ്നിശമനസേനയ്ക്ക് പോലും എത്തിച്ചേരാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറായിട്ടില്ല. മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കവളപ്പാറയില്‍ പത്ത് ദിവസം കഴിഞ്ഞും ആളെ കണ്ടെത്തിയിട്ടില്ലേ. വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. നിരവധി പേരെയാണ് കേരളത്തില്‍ തിരിച്ച് കിട്ടാനുള്ളതെന്നതൊക്കെ മറന്നു പോയി.

ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ത്ഥിച്ചതല്ലേ. അതുപോലെ കര്‍ണാടകത്തിലെ കുറേ മനുഷ്യർ ജീവൻ അപകടത്തിലാക്കിയാണ് രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകുന്നത് അവർക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം’,​ – വി ഡി സതീശൻ പറഞ്ഞു.


Source link

Related Articles

Back to top button