കോഴിക്കോട്: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുജോലിയും തലവേദനയാണോ? എങ്കിൽ ടെൻഷൻ വേണ്ട. എല്ലാതരം സേവനങ്ങൾക്കും വിശ്വസ്തരായ സഹായികൾ ‘ക്വിക് സർവിലൂടെ’ വീട്ടിലെത്തും. മാറിവരുന്ന നഗര ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് കുടുംബങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെയും കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ക്വിക് സർവ് പദ്ധതി ജില്ലയിൽ ഉടൻ ആരംഭിക്കും. നഗരവാസികളെ സഹായിക്കുക, സ്ത്രീകൾക്ക് തൊഴിലവസരമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോർപ്പറേഷന്റെ ‘വി ലിഫ്റ്റ്’ പദ്ധതിയുലുൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
അഞ്ച് പേരടങ്ങുന്ന ഒരു സംരംഭക ഗ്രൂപ്പിനെ കണ്ടെത്തി അതുവഴിയാണ് പദ്ധതി ഏകോപനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുടുംബശ്രീ സംസ്ഥാന മിഷൻ വഴി പരിശീലനം നൽകും. ആദ്യഘട്ട പ്രവർത്തനത്തിൽ ഉൾപ്പെടുന്ന വീട്ടുജോലി വിഭാഗത്തിൽ ഇതുവരെ മുപ്പതുപേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. 70 പേർക്ക് കൂടി പരിശീലനം നൽകും. സംഘത്തിൽ മൊത്തം 100 പേരുണ്ടാകും. വീട്ടുകാരുടെ ആവശ്യത്തിനുസരിച്ച് സേവനം ബുക്ക് ചെയ്യാം. ആപ്പ് വഴി രജിസ്ട്രർ ചെയ്യുന്നവർക്ക് ജില്ലയിൽ എവിടേക്കും ജോലിക്കാരെ ലഭിക്കും. പാർട് ടൈം, ഫുൾടൈം എന്നിങ്ങനെ സേവനം തെരഞ്ഞെടുക്കാം. പൂർണ സമയം സേവനം വേണ്ടവർക്ക് അത് നൽകും. സേവനത്തിനനുസരിച്ചാണ് ഫീസ്. ഫീസിൽ നിന്ന് ചെറിയ വിഹിതം സംരംഭകരുടെ ചെലവിലേക്ക് പോകും. സേവനങ്ങൾക്ക് വീടുകളിൽ പോകുന്നവർ ക്ക് യൂണിഫോം നൽകാനും കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ക്ഷേമ കാര്യ സമിതി ചെയർമാൻ പി ദിവാകരൻ പറഞ്ഞു.
ആദ്യഘട്ട പ്രവർത്തനം
@വീട്ടുജോലി
@ഗൃഹ ശുചീകരണം
@പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം
@പ്രസവാനന്തര ശുശ്രൂഷ
@കുട്ടികളെ നോക്കൽ
ഗ്രൂപ്പിനെ കണ്ടെത്തിക്കഴിഞ്ഞു. പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്. ഉടൻ ക്വിക്ക് സർവ് വീടുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുനീർ
ക്വിക് സർവ് കോർഡിനേറ്റർ
കോഴിക്കോട്
Source link