KERALAMLATEST NEWS

ലോകായുക്ത നിയമനത്തിന് ഗവർണറുടെ അനുമതി

തിരുവനന്തപുരം: കാപ്പ ഉപദേശക ബോർഡ് ചെയർമാനും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ ജസ്റ്റിസ് എൻ. അനിൽകുമാറിനെ ലോകായുക്തയാക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു. സ്പീക്കർ,മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ സമിതിയുടെ ശുപാർശയാണ് അംഗീകരിച്ചത്. ലോകായുക്തയുടെ സത്യപ്രതിജ്ഞ ഗവർണർക്ക് നേരിട്ട് നടത്തുകയോ അല്ലെങ്കിൽ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞയ്ക്ക് ചുമതലപ്പെടുത്തുകയോ ചെയ്യാം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ചിൽ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഉപലോകായുക്തയായി ഹാറൂൺ അൽ റഷീദ് മാത്രമാണ് നിലവിലുള്ളത്. കിളിമാനൂർ സ്വദേശിയും മുൻ ഉപലോകായുക്ത ജി.ശശിധരന്റെ ബന്ധുവുമാണ് ജസ്റ്റിസ് അനിൽകുമാർ. ഭാസ്‌കര കാരണവർ വധക്കേസിലും നിയമവിദ്യാർത്ഥിനിയെ പീ‌ഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും വിധിപ്രസ്‌താവിച്ചു. ചെങ്ങന്നൂർ മുൻസിഫായി ആദ്യം നിയമിതനായ അദ്ദേഹം നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്,കൊല്ലം,കോട്ടയം എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ മുൻസിഫ്,എറണാകുളം സബ് ജഡ്ജി,എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി,കൊല്ലത്ത് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി,മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.


Source link

Related Articles

Back to top button