KERALAMLATEST NEWS

ഭരണത്തിൽ തിരുത്തൽ; കെട്ടിട പെർമിറ്റ് ഫീസ് 60% കുറച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പാഠം ഉൾക്കൊണ്ടുള്ള തിരുത്തലിന്റെ ഭാഗമായി കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് സർക്കാർ വെട്ടിക്കുറച്ചു. 20 ഇരട്ടിവരെയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ വർദ്ധിപ്പിച്ചത്. അപേക്ഷാ ഫീസ് വർദ്ധനയും കുറച്ചു.

കോർപറേഷൻ പരിധിയിൽ വീടുകൾക്കുള്ള പെർമിറ്റ് ഫീസിൽ 60 ശതമാനം വരെ കുറവ് വരുത്തി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സമാനമായ തോതിലാണ് കുറച്ചത് . വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിൽ 58 ശതമാനം വരെയാണ് കുറവ്. ആഗസ്റ്റ് ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും.

നിരക്ക് കുറയ്ക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സർക്കാരിന് നിർദേശംനൽകിയിരുന്നു. സി.പി.ഐ ഇക്കാര്യം ആവശ്യപ്പെടുകയും ഇടതു മുന്നണിയിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു.

പെർമിറ്റ് ഫീസിന്റെ ഒരു വിഹിതം പോലും സർക്കാർ എടുക്കാറില്ലെന്നും എന്നിട്ടും ജനങ്ങൾക്ക് മുന്നിൽ പഴി കേൾക്കുന്ന സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻകാല പ്രാബല്യം

പുതിയ നിരക്കിൽ 2023 ഏപ്രിൽ പത്തുമുതൽ മുൻകാലപ്രാബല്യമുണ്ടാകും. അധികമായി അടച്ചതുക തിരികെ നൽകാൻ ഒാൺലൈനിൽ സംവിധാനമൊരുക്കും. ഇതിനായി ആരും തദ്ദേശസ്ഥാപനങ്ങളിൽ എത്തേണ്ടതില്ല.

ക്രമവത്കരണ ഫീസും കുറയും

100ച. മീറ്റർ വിസ്തീർണമുള്ള (1076ച.അടി ) വീടിന്റെ പെർമിറ്റിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിക്കാതെ പണിപൂർത്തിയായപ്പോൾ വിസ്തീർണം 120ച.മീറ്റർ (1291.2 ച.അടി) ആയി ഉയർന്നാൽ അത് ക്രമവത്കരിച്ച് ടി.സി ലഭിക്കണമെങ്കിൽ അധിക വസ്തീർണത്തിന് പെർമിറ്റ് ഫീസിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. പെർമിറ്റ് ഫീസിലെ കുറവ് ഇവിടെയും പ്രതിഫലിക്കും.

വീടുകളുടെ പുതുക്കിയ ഫീസ്

(ഒരു ചതുരശ്ര മീറ്ററിനുള്ള നിരക്ക്. തുകയ്ക്കുശേഷം ബ്രാക്കറ്റിൽ നിലവിലെ നിരക്ക്)

കോർപറേഷനിൽ

#80ച.മീറ്റർ വരെ (860.8 ചതുരശ്ര അടി)………….. 15 (വർദ്ധനവില്ല)

#അതിന് മുകളിൽ150ച.മീ.വരെ(1614)……………. 50 (100)

#അതിന് മുകളിൽ 300ച.മീ.വരെ (3228)…………….. 70 (150)

#അതിന് മുകളിൽ……………………………………………………. 150 (50)

മുനിസിപ്പാലിറ്റി

# 80ച.മീറ്റർ വരെ(860.8 ച.അടി)………….. 10(വർദ്ധനവില്ല)

#അതിന് മുകളിൽ150ച.മീ.വരെ (1614)…………….. 35 (70)

#അതിന് മുകളിൽ 300ച.മീ.വരെ(3228)……………… 60(120)

#അതിന് മുകളിൽ………………………………………………….. 150(200)

പഞ്ചായത്ത്

#80ച.മീറ്റർ വരെ.(860.8 ചതുരശ്ര അടി)…………7(വർദ്ധനവില്ല)

#അതിന് മുകളിൽ150ച.മീ.വരെ(1614)……………….. 25 (50)

#അതിന് മുകളിൽ 300ച.മീ.വരെ (3228)………………… 50(50)

#അതിന് മുകളിൽ …………………………………………………….100(150)

`രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസായിട്ടും ജനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പകുതിയിലേറെ കുറയ്ക്കുന്നത്’.

-എം.ബി.രാജേഷ്

തദ്ദേശമന്ത്രി

സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.ജനങ്ങൾക്ക് വലിയ ഭാരം കുറയും.

-കവടിയാർ ഹരികുമാർ പ്രസിഡന്റ്,

ബിൾഡിംഗ് ഡിസൈനേഴ്സ്

ഓർഗനൈസേഷൻ


Source link

Related Articles

Back to top button