സ്വതന്ത്രവ്യാപാരക്കരാർ: ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ, മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.
Source link