അമ്മയുടെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി; സെെബർ അതിക്രമത്തിനെതിരെ പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സെെബർ അതിക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകി ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിൽ ചിലർ വ്യാജ പ്രചരണം നടത്തുന്നതായി കുടുംബം ആരോപിക്കുന്നു. മാദ്ധ്യമങ്ങളോട് അർജുന്റെ അമ്മ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് മാറ്റി ചില യുട്യൂബ് ചാനലുകൾ അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും കുടുംബം പരാതിയിൽ പറയുന്നു. ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

സെെന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെച്ചൊല്ലിയാണ് സെെബർ ആക്രമണം നടക്കുന്നത്. അർജുന്റെ തെരച്ചിൽ സംബന്ധിച്ച് അമ്മയും സഹോദരിയും പ്രകടിപ്പിച്ച ആശങ്കകളും വിഷമങ്ങളും എഡിറ്റ് ചെയ്ത് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

അർജുനെ കാണാതായത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. അർജുന്റെ കുടുംബത്തിന് നേരെയും രക്ഷാപ്രവർത്തകർക്ക് നേരെയും സെെബറാക്രമണം നടക്കുകയാണ്. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധി പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

സ്ഥലത്തെക്കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവർത്തനത്തിന് കർണാടകയിൽ എത്തിതെന്നും വിമർശനം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് മാദ്ധ്യമപ്രവർത്തകരെ ഉൾപ്പടെയുള്ളവരെ മൂന്നു കിലോമീറ്റർ ദൂരത്തേക്ക് മാറ്റിനിർത്തിയതും വിവാദമായിരുന്നു.

16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് തെരച്ചിൽ നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് രാഷ്ട്രീയ ഇടപെടൽ ശക്തമായതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ തെരച്ചിലിന്റെ വേഗത കൂടിയത്. പിന്നാലെ അർജുന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സെെന്യമെത്തി തെരച്ചിൽ നടത്തുകയാണ്.


Source link
Exit mobile version